റോഡ് നിര്‍മാണം കഴിഞ്ഞ ഉടന്‍ പൈപ്പിടാന്‍ റോഡ് വെട്ടിപ്പൊളിക്കുന്ന കേരളത്തിന് കണ്ടുപഠിക്കാന്‍ കര്‍ണാടകയില്‍ നിന്നൊരു മാതൃക.ബെംഗളൂരുവില്‍ നിര്‍മിച്ച ആധുനികരീതിയിലുള്ള ടെന്‍ഡല്‍ ഷുവര്‍ റോഡുകളില്‍ കേബിളുകളും പൈപ്പുകളും സ്ഥാപിക്കാന്‍ റോഡിനടിയില്‍ പ്രത്യേക ഇടമുണ്ട്.
കാല്‍നടയാത്രക്കാര്‍ക്കും പരിഗണന നല്‍കുന്നതാണ് ടെന്‍ഡര്‍ ഷുവര്‍ റോഡുകള്‍. നഗരസൗന്ദര്യത്തിന്റെ പേരില്‍ ഏറെ അഭിമാനിക്കുന്ന ബെംഗളൂരു നഗരത്തിന് അലങ്കാരമായാണ് ടെന്‍ഡര്‍ ഷുവര്‍ റോഡുകളുടെ വരവ്. റോഡ് പണി കഴിഞ്ഞയുടന്‍ പൈപ്പിടാനും മറ്റും റോഡ് വെട്ടിപ്പൊളിക്കേണ്ട. സീവേജ് , വൈദ്യുതി , ഒപ്റ്റിക്കല്‍ , ഫൈബര്‍ കേബിളുകളിടാന്‍ റോഡിനടിയില്‍ പ്രത്യേക ഡെക്കുകളുണ്ട് എന്നതാണ് ടെന്‍ഡര്‍ ഷുവര്‍ റോഡിന്റെ സവിശേഷത. 200 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ടെന്‍ഡര്‍ ഷുവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എട്ടുറോഡുകളാണ് ആദ്യഘട്ടത്തില്‍ മോടികൂട്ടിയത്. സൈക്കിള്‍ പാത്ത്, തെരുവുകച്ചവര്ക്കാര്ക്കായി പ്രത്യേക ഇടം, അലങ്കാരച്ചെടികള്‍ , പാര്‍ക്കിങ്ങിന് സൗകര്യം തുടങ്ങിയവയാണ് പുത്തന്‍ റോഡിന്റെ സവിശേഷത.
കാല്‍നടയാത്രക്കാര്‍ക്കായി വീതിയേറിയ ഫുട്പാത്ത് ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവയുമുണ്ട്. രണ്ടാം ഘട്ടത്തില്‍ എം ജി റോഡ് , ബ്രിഗേഡ് റോഡ് എന്നിവ ഉള്‍പ്പടെ അന്‍പത് റോഡുകളാണ് നവീകരിക്കുക. നഗരവികസനത്തിനായുള്ള 7300 കോടി രൂപയില്‍ 700 കോടി രൂപ മാറ്റിവെച്ചിരിക്കുന്നത് ടെന്‍ഡര്‍ ഷുവര്‍ റോഡുകളുടെ നിര്‍മാണത്തിനാണ്.