രാഷ്ട്രസേവനത്തിനിടെ കൊല്ലപ്പെട്ട 25 സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങൾക്ക് ബോളിവുഡ് നടൻ വിവേക് ഒബ്റോയി ഫ്ലാറ്റുകൾ നിർമിച്ചു നൽകും. മഹാരാഷ്ട്രയിലെ താനെയിൽ നടന്റെ ഉടമസ്ഥതയിലുള്ള താമസകേന്ദ്ര പദ്ധതിയിലാണു ഫ്ലാറ്റുകൾ നിർമിക്കുക.
ആദ്യപടിയായി, മാർച്ച് 11നു ഛത്തീസ്ഗഡിലെ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരിൽ നാലുപേരുടെ കുടുംബങ്ങൾക്കു ഫ്ലാറ്റുകൾ കൈമാറിയതായി കേന്ദ്രസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ബാക്കി 21 എണ്ണം താമസിയാതെ കൈമാറും. ഫ്ലാറ്റുകൾ മഹാരാഷ്ട്രയിലായതിനാൽ സംസ്ഥാനത്തുനിന്നുള്ളവർക്കാണു മുൻഗണന.
ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട 12 ജവാൻമാരുടെ കുടുംബങ്ങൾക്കു നേരത്തേ ബോളിവുഡ് താരം അക്ഷയ്കുമാർ ഒൻപതു ലക്ഷം രൂപവീതം നൽകിയിരുന്നു. ബാഡ്മിന്റൻ താരം സൈന നെഹ്വാൾ അരലക്ഷം രൂപവീതവും നൽകി.
പൊതുസംഭാവനകൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റ് തുറന്നിട്ടുണ്ട്: www.bharatkeveer.gov.in