മുത്തലാഖ്, ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്ന് തെളിഞ്ഞാല്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. മുത്തലാഖിനൊപ്പം ബഹുഭാര്യാത്വം പരിഗണിക്കില്ല. മുത്തലാഖിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാസാധുത മാത്രമാണ് പരിശോധിക്കുകയെന്നും സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ച് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഈമാസം പതിനഞ്ചിന് നിലപാട് അറിയിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ നേതൃത്വം നല്കുന്ന അഞ്ചംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് മൂന്നുദിവസം മുത്തലാഖിനെ അനുകൂലിക്കുന്നവര്‍ക്കും,, മൂന്നുദിവസം പ്രതികൂലിക്കുന്നവര്‍ക്കും വാദിക്കാന്‍ സമയം നല്കി. യോജിച്ചു പോകാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ മാത്രമെ മുത്തലാഖ് ഉപയോഗിക്കാറുളളുവെന്ന് അമിക്കസ് ക്യൂറി സല്മാന് ഖുര്‍ഷിദ് കോടതിയെ അറിയിച്ചു. വിഷയം വിവാദമാക്കേണ്ട കാര്യമില്ല. തലാഖ് ഒരു തവണ ചൊല്ലിയാലും മൂന്നുമാസത്തിനുളളില്‍ പിന്‍വലിച്ചില്ലെങ്കില്‍ വിവാഹമോചനമാകുമെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു. അമിക്കസ് ക്യൂറിയുടെ വാദത്തെ മുസ്ലിം വ്യക്തിനിയമബോര്ഡിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ അനുകൂലിച്ചു.
മുസ്ലിം വ്യക്തിനിയമത്തെ കുറിച്ച് സംശയങ്ങള്‍ ആരാഞ്ഞ കോടതി,, ശരിയത്താണോ മുസ്ലിം വ്യക്തിനിയമമായി കണക്കാക്കുന്നതെന്നും ചോദിച്ചു. സ്ത്രീകളുടെ വിഷയമായിട്ടും വനിതാ ജഡ്ജിയെ ബെഞ്ചില്‍ ഉള്‍പ്പെടുത്താത്തതിനെ ഹര്‍ജിക്കാരുടെ അഭിഭാഷകന് ചോദ്യം ചെയ്തു.