കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് വന്‍ തിരിച്ചടി. ലാലുപ്രസാദ് യാദവിനെതിരായ ഗൂഢാലോചനാക്കുറ്റം സുപ്രീംകോടതി പുന:സ്ഥാപിച്ചു. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട് സിബിെഎ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ ലാലുപ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ ലാലു പ്രസാദ് യാദവിനെ അഞ്ചുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചതിനാല്‍ മറ്റ് നാല് അനുബന്ധകേസുകളില്‍ വിചാരണ വേണ്ടെന്നായിരുന്നു ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. എല്ലാ കേസുകളിലും സമാനമായ തെളിവുകളും സാക്ഷികളുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്.
കൂടാതെ ലാലുവിനും കൂട്ടുപ്രതികള്‍ക്കുമെതിരായ ഗൂഢാലോചനക്കുറ്റവും സുപ്രധാന വകുപ്പുകളും ജാര്‍ഖണ്ഡ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സിബിെഎ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. വിവിധ സമയങ്ങളില്‍ നടന്ന വ്യത്യസ്ത കുറ്റകൃത്യങ്ങളാണെന്നും കാലത്തീറ്റക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളെയും ഒറ്റക്കേസായി പരിഗണിക്കാനാകില്ലെന്നും ഗൂഢാലോചനാക്കുറ്റം പുന:സ്ഥാപിച്ച കോടതി വ്യക്തമാക്കി. കേസുകളില്‍ വിചാരണ ഒന്‍പതുമാസം കൊണ്ടു പൂര്‍ത്തിയാക്കണമെന്നും കേസിന്റെ പുരോഗതി സിബിെഎ ഡയറക്ടര്‍ നിരീക്ഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 1990 _ 97 കാലയളവില്‍ ലാലു പ്രസാദ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണ വകുപ്പ് നടത്തിയ 900 കോടി രൂപയുടെ അഴമതിയാണ് കാലിത്തീറ്റ കുംഭകോണം.
Advertisement