ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ ആവശ്യം കമ്മിഷന് തള്ളി. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് കമ്മിഷന് പുറത്തുവിട്ടു.
ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള് ഉള്‍പ്പെടെയുള്ളവര്‍ സംശയം പ്രകടിപ്പിച്ചത്. വോട്ടിങ് യന്ത്രത്തില്‍ ക്രമേക്കേട്് നടന്നിട്ടുണ്ടെന്ന ആരോപണവും ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച സ്ഥിതി വിവര റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് ഇപ്പോള്‍ പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും വിശ്വാസയോഗ്യമായ വോട്ടിങ് യന്ത്രങ്ങള്‍ ഇന്ത്യയിലേതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് അറിയാന്‍ കഴിയുന്ന വിവിപാറ്റ് സംവിധാനം എല്ലാ വോട്ടിങ് യന്ത്രത്തിലും ഏര്‍പ്പെടുത്തണമെന്നും സ്ഥിതി വിവര റിപ്പോര്‍ട്ടിലുണ്ട്. വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഈ മാസം 12 ന് വിളിച്ചു ചേര്‍ത്തിട്ടുള്ള സര്‍വകക്ഷിയോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കേസില്‍ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ 3,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.