തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. അണ്ണാ ഡിഎംകെയില്‍ നിന്ന് ശശികല കുടുംബത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. പാര്‍ട്ടിയെ നയിക്കാന്‍ പ്രത്യേക സമിതിയ്ക്കും രൂപം നല്കി. ഇനി ഒ.പി.എസ്. ഇപിഎസ് വിഭാഗങ്ങള്‍ ഒന്നിച്ചു നീങ്ങും.
ജനറല്‍ സെക്രട്ടറി വി.കെ ശശികലയെയും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനെയും പുറത്താക്കാനാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ഇരുപത് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഒന്നരകോടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വികാരം മാനിച്ചാണ് തീരുമാനം. പാര്‍ട്ടിയെ ശശികലയുടെ കുടുംബത്തില്‍ നിന്ന രക്ഷിയ്ക്കുമെന്ന് യോഗത്തിന് ശേഷം ധനമന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു.
ഐക്യത്തിനായി പനീര്‍സെല്‍വം ഉന്നയിച്ച ആവശ്യമാണ് പളനിസാമിയും മന്ത്രിമാരും അംഗീകരിച്ചത്. ഇതോടെ ഇരു വിഭാഗവും ഇനി യോജിച്ച് മുന്നോട്ട് പോകും. ജനറല്‍ സെക്രട്ടറിയായി ഒ. പനീര്‍സെല്‍വത്തെ അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് സൂചന. പളനിസാമി തന്നെയാകും മുഖ്യമന്ത്രി.