മുന്‍ ഇന്ത്യന്‍ നേവി കമാന്‍ഡര്‍ കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ചതില്‍ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ. ശിക്ഷ നടപ്പാക്കിയാല്‍ ഉഭയകക്ഷിബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുമെന്ന് സുഷമ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചു. കുല്ഭൂഷണ് ജാദവിന് പാക്കിസ്ഥാന് വധശിക്ഷ വിധിച്ചതിനെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഒറ്റക്കെട്ടായി എതിര്‍ത്തു.
നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് പാക്ക് സൈനിക കോടതി ചാരപ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷ വിധിച്ചതിനെ പാര്‍ട്ടിഭേദമില്ലാതെ എം.പിമാര്‍ ഒറ്റക്കെട്ടായാണ് എതിര്‍ത്തത്. എന്‍ കെ പ്രേമചന്ദ്രനടക്കമുള്ള പ്രതിപക്ഷ എം.പിമാര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
കുല്ഭൂഷണ് ജാദവിനെതിരെ പാക്കിസ്ഥാന് ചുമത്തിയ കുറ്റങ്ങള്‍ അസംബന്ധമാണെന്നും മുന്‍കൂട്ടി നിശ്ചിയിച്ച കൊലപാതകമാണെന്നും വിദേശകാര്യമന്ത്രി സുഷമസ്വരാജ് പറഞ്ഞു. പാക്കിസ്ഥാന് രാജ്യാന്തരചട്ടങ്ങള് പാലിച്ചില്ല. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ജാദവിനെ കാണാന്‍ അനുവദിച്ചില്ല. ഇന്ത്യയുടെ മകന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും സുഷമ സ്വരാജ് പറഞ്ഞു.
കുല്‍ഭൂഷണെ മോചിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. അതിനിടെ, പാക് ഹൈക്കമ്മീഷനു മുന്നിലും പ്രതിഷേധ പ്രകടനം നടന്നു.
Advertisement