കേരളത്തിന്റെ മാതൃക പിന്തുടര്ന്ന് സ്ത്രീകള്‍ക്ക് കുട്ടികള്‍ക്കും സുരക്ഷയൊരുക്കാന്‍ ബെംഗളൂരുവിലും പിങ്ക് പട്രോളിങ്.നഗരത്തില്‍ അതിക്രമങ്ങള്‍ വര്‍ധിച്ച ഘട്ടത്തിലാണ് പിങ്ക് പട്രോളിങ്ങിന്റെ വരവ്. കേരളത്തില്‍ പിങ്ക് പൊലീസിന്റെ വിജയമാണ് ബെംഗളൂരുവിലും ആരംഭിക്കാന്‍ പ്രചോദനമായതെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.
പുതുവല്‍സര ആഘോഷങ്ങള്ക്കിടിയിലും സ്ത്രീകള്‍ അതിക്രമങ്ങള്‍ക്കിരയായത് ബെംഗളൂരു നഗരത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. കേരളത്തില്‍ ആരംഭിച്ച പിങ്ക് പൊലീസിന്റെ മാതൃക അതേപടി പിന്തുടരുകയാണ് ഇപ്പോള്‍ കര്‍ണാടകയും. 51 പിങ്ക് പൊലീസ് വാഹനങ്ങളാണ് ബെംഗളൂരു നഗരത്തില്‍ സുരക്ഷയൊരുക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആരാധനായങ്ങള്‍ , മാള്‍ , തിയറ്റര്‍ , എന്നിവയ്ക്ക്് മുന്നിലാകും പിങ്ക് പൊലീസിന്റെ പട്രോളിങ്. മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍വീസ് ഫ്ലാഗ് ഒാഫ് ചെയ്തു.
ഒരു വാഹനത്തില്‍ മൂന്ന് വനിത പൊലീസുകാരുണ്ടാകും. പരാതികള്‍ സ്വീകരിക്കുന്നതിനായി കണ്ട്രോള് റൂമും ഒപ്പം സുരക്ഷ എന്ന ആപ്ലിക്കേഷനും ആരംഭിച്ചു. വാഹനത്തില്‍ ജി.പി.എസ് സാങ്കേതിക വിദ്യയും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തില്‍ പട്രോളിങ്ങിനായുള്ള 221 വാഹനങ്ങള്‍ക്ക് പുറമേയാണ് പിങ്ക് വാഹനങ്ങളും.
Advertisement