ഭീകരരുടെ വെടിയേറ്റതിനെ തുടര്‍ന്ന് ഒന്നരമാസത്തോളം കോമയില്‍ കിടന്ന സി.ആര്.പി.എഫ് കമന്‍ഡാന്റ് സുഖം പ്രാപിച്ചു. നാല്പത്തിയഞ്ചുകാരനായ ചേതന്‍ കുമാര്‍ ചീറ്റയാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
കഴിഞ്ഞ ഫെബ്രുവരി പതിനാലിന് എയിംസില്‍ പ്രവേശിപ്പിക്കുമ്പോള്‍ ചേതന്‍ കുമാര്‍ ചീറ്റ കോമ അവസ്ഥയിലായിരുന്നു. തലയിലടക്കം ഒന്‍പതിടങ്ങളില്‍ വെടിയുണ്ടകള്‍ തറച്ചുകയറിയിരുന്നു. ഇരുകൈകളും ഒടിഞ്ഞു. വലതുകണ്ണിന്റെ കാഴ്ചശക്തിയും നഷ്ടപ്പെട്ടിരുന്നു. പതിനാറു ദിവസം വെന്റിലേറ്ററില്‍. ഇതിനിടെ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് സിആര്‍പിഎഫ് കമന്‍ഡാന്റ് വിധേയനായി. ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും ചേതന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ശരീരം പ്രതികരിച്ചു തുടങ്ങി. ഒപ്പം ഭാര്യ ഉമാ സിങിന്റെ പിന്‍ബലവും.
ചേതന്‍ ആശുപത്രി വിടുമ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും ഉന്നത ഉദ്യോഗസ്ഥരും എയിംസിലെത്തി. വീണ്ടും സൈനികവേഷത്തില്‍ കാണണമെന്ന് കേന്ദ്രമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. കശ്മീരിലെ ബന്ദിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ചേതന്‍ അടക്കം പന്ത്രണ്ട് സൈനികര്‍ക്കാണ് പരുക്കേറ്റത്.