ആര്. കെ നഗറില്‍ സംഗീത സംവിധായകന് ഗംഗൈ അമരന്റെ സ്ഥാനാര്‍ഥിത്വം നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇരു ദ്രാവിഡ പാര്‍ട്ടികളിലും മനം മടുത്ത ആര്. കെ നഗറുകാര്‍ ബിജെപിയുടെ വികസന മുദ്രാവാക്യത്തിനൊപ്പം നില്‍ക്കുമെന്നാണ് കണക്കൂകൂട്ടല്‍. മണ്ഡലത്തില്‍ ഇതുവരെ ഒരു വികസനവും കൊണ്ടു വരാത്ത അണ്ണാ ഡിഎംകെയയും ഡിഎംകെയേയും ജനങ്ങള്‍ തള്ളികളയുമെന്നും അതിനാല്‍ ബിജെപിയ്ക്ക് വിജയം ഉറപ്പാണെന്നും സ്ഥാനാര്‍ഥി ഗംഗൈ അമരന് മനോരമ ന്യൂസിനോട് പറഞ്ഞു.
ആര് . കെ നഗറിലെ ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ടഭ്യര്ഥിയ്ക്കുകയാണ് ഗംഗൈ അമരന് . പ്രചാരണത്തിലുടനീളം യുവാക്കള്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്തും പാട്ടും പാടിയും ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന മുദ്രാവാക്യങ്ങള്‍ തന്നെയാണ് ബിജെപിയുടെ പ്രചാരണായുധം. ഇതിനൊപ്പം ഗംഗൈ അമരനെന്ന താര സ്ഥാനാര്‍ഥിയ്ക്ക് ലഭിയ്ക്കുന്ന വോട്ടുകളിലും ബിജെപി കണ്ണുവയ്ക്കുന്നു. ഉറച്ച ഡിഎംകെ അണ്ണാ ഡിഎംകെ വോട്ടുകളൊഴികെയുള്ള മുഴുവന്‍ നിഷ്പക്ഷ വോട്ടുകളും ഉറപ്പിയ്ക്കാനായിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.