അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് സെക്ടറിലെ സൈനികപോസ്റ്റുകള്ക്കുനേരെയായിരുന്നു ആക്രമണം. ഇന്നലെ കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെടുകയും പതിനഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഉന്നതതലയോഗം സുരക്ഷായോഗം വിളിച്ചു.
അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ഇന്ത്യാപാക് അതിര്ത്തിരക്ഷാസേനാതലവന്മാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അതിര്‍ത്തിയിലുടനീളം പാക് റെയ്ഞ്ചേഴ്സ് ആക്രമണം നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്കി.
അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാകിസ്താന് നടത്തുന്ന അതിക്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ തുരങ്കത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം കശ്മീരില്‍ ഭീകരാക്രമണം നടന്നത്. പ്രക്ഷോഭകാരികളുടെ വേഷത്തിലെത്തിയ ഭീകരര്‍ സൈനികര്‍ക്കുനേരെ ഗ്രനേഡ് എറിയുകയായിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥിസിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയസുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവല്‍, പ്രതിരോധ, ആഭ്യന്തര സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.