E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:24 AM IST

Facebook
Twitter
Google Plus
Youtube

More in India

വമ്പൻമാരെ വീഴ്ത്തി ചാരസുന്ദരികൾ; രാജ്യത്തെ ഞെട്ടിച്ച ഹണിട്രാപ്പും സ്റ്റിങ് ഓപ്പറേഷനുകളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mike-journalism-4
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്ത് സ്റ്റിങ് ഓപ്പറേഷനുകളുടെ ചരിത്രം തുടങ്ങുന്നതു രണ്ടായിരത്തിലാണ്. ഇന്ത്യൻ മാധ്യമരംഗത്ത് ഒരു പുതിയ അധ്യായത്തിനു തുടക്കമിട്ട് തെഹൽക്കയെന്ന മാധ്യമസ്ഥാപനം ഇന്ത്യൻ ക്രിക്കറ്റിലെ അഴിമതി രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നു. രഹസ്യക്യാമറകളും റെക്കോർഡറുകളും ഉപയോഗിച്ചുള്ള ‘ചാരപ്രവർത്തനത്തിലൂടെ’ പല ഉന്നതരുടെയും അഴിമതിക്കഥകൾ പുറംലോകത്തെത്തി. മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെയുള്ള പ്രശസ്തർ ക്രിക്കറ്റ് ലോകത്തുനിന്നു പുറത്തായി. സൈനിക അഴിമതികൾ തുറന്നു കാട്ടുന്ന ‘ഓപ്പറേഷൻ വെസ്റ്റ് എൻഡ്’ പുറകേയെത്തി. വിവാദങ്ങൾക്കൊടുവിൽ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് രാജിവച്ചു. പിന്നാലെ, സ്റ്റിങ് ഓപ്പറേഷനുകളുടെ കുത്തൊഴുക്കിനു തന്നെ രാജ്യം സാക്ഷ്യംവഹിച്ചു.

∙ഓപ്പറേഷൻ വെസ്റ്റ് എൻഡ്

രഹസ്യങ്ങളും അഴിമതിക്കഥകളും പുറത്തെത്തിക്കാൻ ക്യാമറകൾ ഉപയോഗിച്ച് ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ നടത്തുന്ന രഹസ്യപ്രവർത്തനമാണ് സ്റ്റിങ് ഓപ്പറേഷൻ. സൈനിക അവശ്യങ്ങൾക്കും രാജ്യങ്ങളുടെയും കോർപ്പറേറ്റുകളുടെയും രഹസ്യങ്ങൾ ചോർത്താനും ഉപയോഗിച്ചിരുന്ന സ്റ്റിങ് ഓപ്പറേഷനുകൾക്ക് വാർത്താ ലോകത്തു വലിയ പ്രാധാന്യമുണ്ടെന്നു മനസ്സിലാക്കിയ തെഹൽക്ക 2001 ലാണ് ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന പേരിൽ ഒരു സ്റ്റിങ് ഓപ്പറേഷൻ നടത്തുന്നത്. സൈനിക തലത്തിലെ അഴിമതി പുറത്തുകൊണ്ടുവരികയായിരുന്നു ലക്ഷ്യം. ബിജെപി പ്രസിഡന്റായിരുന്ന ബംഗാരു ലക്ഷ്മണും നിരവധി ആയുധക്കച്ചവടക്കാരും സൈനിക ഉദ്യോഗസ്ഥരും തെഹൽക്കയുടെ ക്യാമറയിൽ കുടുങ്ങി. പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിന് പദവി രാജി വയ്ക്കേണ്ടിവന്നതോടെ തെഹൽക്കയും സ്റ്റിങ് ഓപ്പറേഷനും രാജ്യത്തു പ്രശസ്തമായി.

∙ഓപ്പറേഷൻ കളങ്ക്

ഗുജറാത്ത് കലാപത്തിന്റെ അണിയറ രഹസ്യങ്ങൾ തേടിയാണ് തെഹൽക്ക മാഗസിൻ ഓപ്പറേഷൻ കളങ്ക് ആരംഭിച്ചത്. റിപ്പോർട്ടർ ആശിഖ് കേതൻ, റാണാ അയൂബ് എന്നിവർക്കായിരുന്നു നേതൃത്വം. ഹിന്ദു സംഘടനകളിൽ പ്രവർത്തിക്കുന്നവരെന്ന വ്യാജേന സംഘം ഗുജറാത്തിലുടനീളം സഞ്ചരിച്ച് റിപ്പോർട്ടുകൾ തയാറാക്കി. സംസ്ഥാന പൊലീസിെനയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെയും പ്രതിസ്ഥാനത്തു നിർത്തുന്നതായിരുന്നു ആറുമാസം കൊണ്ടു പൂർത്തിയാക്കിയ തെഹൽക്ക റിപ്പോർട്ട്. ഗുജറാത്തിലെ സ്റ്റിങ് ഓപ്പറേഷന്റെ ദൃശ്യങ്ങൾ പിന്നീട് ‘ആജ്തക്’ ചാനൽ സംപ്രേഷണം ചെയ്തു. റിപ്പോർട്ട് രാജ്യാന്തര ശ്രദ്ധനേടി. റിപ്പോർട്ടിനെത്തുടർന്ന്, വംശീയ കലാപത്തിൽ പങ്കാളിയായ ഒരു മന്ത്രിക്കും എംഎൽഎയ്ക്കും വിചാരണ നേരിടേണ്ടിവന്നു. ഇവർ ശിക്ഷിക്കപ്പെടുന്നതിൽ ഈ ടേപ്പുകൾ നിർണായകമായി.

∙വോട്ടിന് കോഴ

സിഎൻഎൻ ഐബിഎൻ ചാനൽ 2008 ലാണ് എംപിമാർ പണം വാങ്ങി വോട്ടുചെയ്യുന്ന തട്ടിപ്പ് പുറത്തെത്തിച്ചത്. അവിശ്വാസപ്രമേയം നേരിടുന്നതിന് യുപിഎ സർക്കാർ ചില എംപിമാർക്കു പണം നൽകിയെന്നതായിരുന്നു വാർത്ത. വലിയ കോളിളക്കമാണ് വാർത്ത സൃഷ്ടിച്ചത്.

പല കുറ്റകൃത്യങ്ങളും പുറത്തെത്തിക്കാൻ സ്റ്റിങ് ഓപ്പറേഷനുകൾ സഹായിച്ചിട്ടുണ്ട്. സഞ്ജീവ് നന്ദ കേസ് ഉദാഹരണം. നേവി ചീഫ് സുരേഷ് നന്ദയുടെ മകൻ ഓടിച്ച ആഡംബര കാർ ഇടിച്ച് ആറു പേർ മരിച്ച കേസ് സമ്മർദങ്ങളെത്തുടർന്ന് അവസാനിക്കേണ്ടതായിരുന്നു. സ‍‍ഞ്ജീവിന്റെ വക്കീൽ ദൃക്സാക്ഷിയെ മൊഴി മാറ്റിക്കാൻ നടത്തുന്ന ശ്രമങ്ങൾ എൻഡിടിവി സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നതോടെ കേസിന്റെ സ്വഭാവം തന്നെ മാറി.

വിവാദമായ ജെസീക്കാ ലാൽ കേസ് മറ്റൊരുദാഹരണം. മോഡലായ ജെസീക്കാ ലാൽ കൊല്ലപ്പെട്ട കേസിൽ രാഷ്ട്രീയ നേതാവിന്റെ മകനായ മനു ശർമയുടെ പങ്ക് പുറത്തുകൊണ്ടുവന്നത് തെഹൽക്കയും സ്റ്റാർടിവിയും സംയുക്തമായി നടത്തിയ സ്റ്റിങ് ഓപ്പറേഷനാണ്.

എന്തിനേറെ പറയുന്നു, മാധ്യമങ്ങൾ സ്റ്റിങ് ഓപ്പറേഷൻ നടത്തുന്നത് മാതൃകയാക്കി ജനങ്ങൾ ക്യാമറ കയ്യിലെടുത്ത സംഭവവുമുണ്ടായി. ഇൻഡോറിലെ ഒരു പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ കൈക്കൂലി വാങ്ങുന്ന വിഡിയോ പകർത്തിയത് ഗ്രാമീണരാണ്. ഇതു വാർത്തയായതോടെ പൊലീസുകാർക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു.

ഇതെല്ലാം വിജയിച്ച സ്റ്റിങ് ഓപ്പറേഷനുകളാണെങ്കിൽ പരാജയപ്പെട്ടതും വിമർശനങ്ങൾ ഏറ്റുവാങ്ങിയതുമായ ഓപ്പറേഷനുകളുമുണ്ട്. അതിലൊന്നാണ് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയുമായി ബന്ധപ്പെട്ട സംഭവം. സിങ്‌വിക്ക് ഒരു വനിതാ സുഹൃത്തുമായുള്ള ബന്ധം സംബന്ധിച്ച വിഡിയോ ചില ചാനലുകൾ പുറത്തുവിട്ടു. എന്നാൽ, ഡൽഹി ഹൈക്കോടതി അതു വിലക്കി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് കോടതി അതിനെ നിരീക്ഷിച്ചത്. പൊതു സമൂഹത്തിനു നഷ്ടംവരുന്ന പ്രവൃത്തി ഉണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യ ടിവിയുടേതാണ് മറ്റൊരു സംഭവം. 2006 ൽ ചില എംപിമാരും ലൈംഗിക തൊഴിലാളികളുമായുള്ള ലൈംഗിക ചേഷ്ടകൾ ചാനൽ സംപ്രേക്ഷണം ചെയ്തു. മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് ചാനലിനെ ശിക്ഷിച്ചു. സംപ്രേഷണം വിലക്കി. ഒരു പ്രമുഖ സ്ഥാപനത്തിനെതിരെ അടിസ്ഥാനമില്ലാത്ത വാർത്ത സ്റ്റിങ് ഓപ്പറേഷനെന്ന പേരിൽ നടത്തിയതിനെതിരെ സീ ടീവി അധികൃതർക്ക് നിയമ നടപടികൾ നേരിടേണ്ടിവന്നു.

∙എന്താണ് ഹണി ട്രാപ്പ്?

സുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്തുന്നതാണ് ഹണിട്രാപ്പ്. സൈനിക രംഗത്തും കോർപറേറ്റ് രംഗത്തുമാണ് ഹണിട്രാപ്പ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ രാഷ്ട്രീയക്കാരും മാധ്യമങ്ങളുമെല്ലാം രഹസ്യങ്ങൾ ചോർത്താൻ ഹണിട്രാപ്പ് ഉപയോഗിക്കുന്നുണ്ട്. മാതാഹരി മുതൽ കേരളത്തിൽ മറിയം റഷീദ വരെ നീളുന്നതാണ് ഹണിട്രാപ്പിന്റെ ചരിത്രം.

∙മാതാഹരിയെന്ന ചാരവനിത

ജെർട്രൂഡ് മാർഗരറ്റ് സെല്ലെ- അതായിരുന്നു മാതാഹരിയുടെ ശരിയായ പേര്. ഡച്ച് ഭാഷയിൽ മാതാഹരിയെന്നാൽ പുലരി നക്ഷത്രം. പാരിസിൽ നർത്തകിയായിരുന്നപ്പോഴാണ് മാതാഹരി ജർമനിക്കുവേണ്ടി ചാരപ്രവൃത്തിയിൽ ഏർപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധകാലം. നൃത്തം കാണാൻ വരുന്ന ഓഫിസർമാരെ വശീകരിച്ച് കിട്ടുന്ന രഹസ്യങ്ങൾ മാതാഹരി ജർമനിക്കു നൽകി. വിവരം പുറത്തറിഞ്ഞതോടെ 1917 ഫെബ്രുവരി 13ന് ഫ്രഞ്ച് പൊലീസ് മാതാഹരിയെ കസ്റ്റഡിയിലെടുക്കുകയും വെടിവച്ചുകൊല്ലുകയും ചെയ്തു.

മാതാഹരിക്ക് സ്കോട്‌ലൻഡുകാരനായ ക്യാപ്റ്റൻ മക്ലിയോഡിൽ ജനിച്ച പുത്രിയും പിന്നീട് ചാരവനിതയായി- ബാൻഡ. ഇന്തൊനീഷ്യൻ വിപ്ലവകാരികൾക്കും ജപ്പാൻകാർക്കും വേണ്ടി ചാരപ്രവർത്തനം നടത്തിയ ബാൻഡയെ ഡച്ച് പട്ടാളം വെടിവച്ചുകൊന്നു.

ഐറിഷ് ചാരസുന്ദരി നോർമാ ലെവിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു ബ്രിട്ടനിലെ എയർഫോഴ്സ് വകുപ്പ് മന്ത്രി ലാംബ്ടൺ പ്രഭു, സിവിൽ സർവീസ് വകുപ്പ് മന്ത്രി ജെല്ലിക്കോ പ്രഭു തുടങ്ങിയവരടക്കം നിരവധി മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടിവന്നു.

ഇന്ത്യയ്ക്കുമുണ്ടായിരുന്നു ഒരു പ്രസിദ്ധ ചാരവനിത. ബംഗാളാലെ മിഡ്നാപൂർ ജില്ലയിലെ താംലുക് ടൗണിലെ ലൈംഗിക തൊഴിലാളിയായ സാവിത്രി ഡേ. 1942 ൽ സ്വാതന്ത്ര്യസമര നേതാവ് അജയ്മുഖർജിയും സതീഷ് സാമന്തയും സുശീൽധാരയും ചേർന്നു മിഡ്നാപൂരിൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ച് താമ്രലിപ്ത ജാതീയ സർക്കാർ ഉണ്ടാക്കിയത് സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇതിഹാസമാണ്. ബ്രിട്ടിഷ് പട്ടാളക്കാരുടെ രഹസ്യങ്ങൾ ചോർത്തിയെടുത്ത് ഈ നേതാക്കൾക്ക് നൽകിയിരുന്നത് സാവിത്രിയായിരുന്നു. താമ്രലിപ്ത സർക്കാരിനെ ബ്രിട്ടിഷ് സർക്കാർ നിരോധിച്ചപ്പോൾ രഹസ്യരേഖകൾ വേണ്ടിടത്ത് എത്തിക്കാൻ നേതാക്കൾ ഉപയോഗിച്ചതും സാവിത്രിയെ ആയിരുന്നു. ബ്രിട്ടിഷ് പട്ടാളം അവരെ പിടിക്കാൻ പല മാർഗങ്ങൾ നോക്കിയെങ്കിലും സാധിച്ചില്ല. സ്വാതന്ത്ര്യാനന്തരം, സ്വാതന്ത്ര്യ സമര പെൻഷൻ നൽകാമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും അവർക്കത് ലഭിച്ചില്ല.

സ്ത്രീകൾ മാത്രമാണോ ഈ മേഖലയിൽ? അല്ലെന്നാണ് ചരിത്രം പറയുന്നത്. ജർമനി രണ്ടായപ്പോൾ രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും വനിതാ സെക്രട്ടറിമാരെ പ്രേമക്കുരുക്കിൽപ്പെടുത്തി രഹസ്യങ്ങൾ ചോർത്തുന്ന വിരുതൻമാരുണ്ടായിരുന്നു. അതിലൊരാളാണ് ഫെലിക്സ്. ജർമൻ ചാരസംഘടനാ മേധാവി മാർക്കസ് വുൾഫ് അറസ്റ്റിലായപ്പോഴാണ് വിവരം പുറത്തറിയുന്നത്. വശീകരണ തന്ത്രത്തിൽ സ്ത്രീകളെക്കാൾ മിടുക്കൻമാർ പുരുഷൻമാരാണെന്നായിരുന്നു വൂൾഫിന്റെ നിലപാട്. വൂൾഫ് എഴുതിയ ‘മാൻ വിത്തൗട്ട് എ ഫെയ്സ്’ എന്ന ആത്മകഥയിൽ ഇത്തരം ചാരൻമാരെക്കുറിച്ച് പറയുന്നുണ്ട്.

∙ സ്റ്റിങ്ങിന് രാജ്യത്തു നിയമ സാധ്യതയുണ്ടോ?

അഴിമതി വിഷയമാക്കിയ സ്റ്റിങ് ഓപ്പറേഷനുകൾ നിയമപരമാണെന്നാണ് ഡൽഹി കോടതിയുടെ വിധിയിൽ പറയുന്നത്. അഴിമതി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകാനുള്ള ഉത്തരവാദിത്തം ഓരോ പൗരനുമുണ്ടെന്നും ഇതിനായി ശ്രമിക്കേണ്ടതുണ്ടെന്നുമാണ് കോടതി ഉത്തരവ്.

സ്റ്റിങ് ഓപ്പറേഷനുകളെ സംബന്ധിച്ച് നിയമമൊന്നും നിലവിലില്ലാത്തതിനാൽ സ്റ്റിങ് ഓപ്പറേഷൻ നടത്തുന്ന പത്രപ്രവർത്തകനു നിയമസംരക്ഷണം അവകാശപ്പെടാൻ കഴിയില്ല. മാനനഷ്ടക്കേസും മറ്റു കേസുകളും പത്രപ്രവർത്തകൻ നേരിടേണ്ടി വരാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :