ഇറ്റലിയ്ക്കും ചൈനയ്ക്ക് പിന്നാലെ കോണ്‍ക്രീറ്റ് നിര്മിതികളില് ചെടികള്‍ നട്ടുപിടിപ്പിക്കുന്ന വെര്‍ട്ടിക്കല്‍ ഫോറസ്റ്റ് എന്ന ആശയുവുമായി ബെംഗളൂരുവും. മലിനീകരണം നിയന്ത്രിക്കുകയും ഒാക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്ന വെര്‍ട്ടിക്കല്‍ ഫോറസ്റ്റ് ഹൊസൂര്‍ റോഡ് ഫ്ലൈ ഒാവറിന്റെ തൂണുകളിലാണ് ഒരുക്കിയിരിക്കുന്നത്.
ഫ്ലൈ ഒാവറുകളും ബഹുനിലകെട്ടിടങ്ങളും നഗരജീവിതം സുഖമമാക്കിയെങ്കിലും ചൂട് അസഹനീയമായതോടെയാണ് വെട്ടിമാറ്റിയ മരങ്ങളെക്കുറിച്ച് മനുഷ്യന് ഒാര്‍മിച്ചത്. മരം നടാന്‍ പോലും സ്ഥലം ഇല്ലാതായതോടെ ഇറ്റലിയാണ് ബഹുനില കെട്ടിടങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. ഏഷ്യയില്‍ ആദ്യമായി ചൈനയും വിജയകരമായി നടപ്പാക്കിയ വെര്‍ടിക്കല്‍ ഫോറസ്റ്റ് എന്ന ആശയം ബെംഗളൂരുവിനും ആവശ്യം വന്നിരിക്കുന്നു.
3500 തൈകളാണ് ഹൊസൂര്‍ റോഡ് ഫ്ലൈ ഒാവറിന്റെ ഒരു തൂണില്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. 10 വ്യത്യസ്ഥ ഇനങ്ങളിലുള്ള ചെടികള്‍ തൂണില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇലകളുടെ നിറങ്ങള്‍ക്കനുസരിച്ച് ക്രമപ്പെടുത്തി വിവിധ ആകൃതിയിലാണ് ചെടികള്‍ നട്ടിരിക്കുന്നത്. അകലെ നിന്ന് നോക്കുമ്പോള്‍ ചിത്രം വരച്ചതെന്നെ തോന്നൂ.
ഡ്രിപ്പ് ഇറിഗേഷന്‍ സാങ്കേതിക വിദ്യയാണ് ചെടികള്‍ നനയ്ക്കാനായി ഒരുക്കിയിരിക്കുന്നത്. ദിവസേന നൂറ് മില്ലിലീറ്റര്‍ ജലം ചെടികള്‍ക്ക് ലഭ്യമാകും. ഒന്‍പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൊസൂര്‍ റോഡ് ഫ്ലൈ ഒാവറിന്റെ എല്ലാ തൂണുകളിലും ഇതുപോലെ ചെറുകാടുകള്‍ വൈകാതെ വളരും. സേ ട്രീ എന്ന പരിസ്ഥിതി സംഘടനയാണ് തൂണുകളിലെ പച്ചപ്പ് എന്ന ആശയത്തിന് പിന്നില്‍.