മണിപ്പൂരില്‍ എന്‍.ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. അറുപതംഗ നിയമസഭയില്‍ മുപ്പത്തിരണ്ടുപേരുടെ പിന്തുണ ബിരേന്സിങിന് ലഭിച്ചു. കൂറുമാറിയെത്തിയ കോണ്‍ഗ്രസ് എംഎല്‍എയും സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്തു.
കേവലഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്ത മണിപ്പൂര്‍ നിയമസഭയില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്. 21സീറ്റുകളുള്ള ബി.ജെ.പിയ്ക്കൊപ്പം നാല് അംഗങ്ങള്വീതമുള്ള എന്‍.പി.പിയും നാഗാപീപ്പിള്‍സ് ഫ്രണ്ടും സര്‍ക്കാരില്‍ പങ്കാളിയായി. വിശ്വാസവോട്ടെടുപ്പിലും ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. മാന്ത്രികസംഖ്യയായ മുപ്പത്തിഒന്നിനപ്പുറം നേടിയാണ് മുഖ്യമന്ത്രി ബീരേന്‍ സിങ് വിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ചത്.
ഓരോഅംഗങ്ങള് വീതമുള്ള ലോക്ജനശക്തിപാര്ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും സര്‍ക്കാരിനെ പിന്തുണച്ചു. അംഗങ്ങള്‍ ശബ്ദവോട്ടാണ് രേഖപ്പെടുത്തിയത്. സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് 27 വോട്ടുകള്‍ ലഭിച്ചു. ആന്ഡ്രോം മണ്ഡലത്തില്‍ നിന്നു വിജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ ശ്യാംകുമാര്‍ സര്‍ക്കാരിന് അനുകൂലമായാണ് വോട്ടുചെയ്തത്. വിശ്വാസവോട്ടെടുപ്പിന് മുന്‍പ് നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം യുമ്നാം ഖേംചന്ദ് സിങ് തിരഞ്ഞെടുക്കപ്പെട്ടു.