യുഎഇയിലെ വടക്കന്‍ എമിറേറ്റുകളുടെ സമഗ്രപുരോഗതിക്ക് വഴിയൊരുക്കുന്ന റോഡ് നവീകരണ പദ്ധതികള്‍ പുരോഗമിക്കുന്നു. റാസല്‍ഖൈമ ഷൗക അണക്കെട്ടിന്റെയും ഫെഡറല്‍ റോഡുകളുടെയും ഉപ പാതകളുടെയും നവീകരണമാണ് നടന്നുവരുന്നത്.
ഫെഡറല്‍ റോഡുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക, പാത ദീര്‍ഘിപ്പിക്കല്‍, നവീകരണം, വഴിവിളക്ക് സ്ഥാപിക്കല്‍, എല്‍ഇഡി സിഗ്നലിങ് സംവിധാനം, പാതയോരങ്ങളിലെ വിശ്രമകേന്ദ്രങ്ങള്‍, പരിസ്ഥിതി സൗഹൃദ നടപ്പാലങ്ങള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക, ഗതാഗത മേഖലകളിലടക്കം വന്മുന്നേറ്റത്തിനിടയാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പ്രദേശം സന്ദര്‍ശിച്ച അടിസ്ഥാനസൗകര്യ വികസന മന്ത്രി ഡോ.അബ്ദുല്ല ബെല്‍ഹൈഫ് അല്‍ നുഐമി പറഞ്ഞു. ഡാമിന്റെ വ്യാപ്തി 2.75ല്‍നിന്ന് 3.25 ലക്ഷം ഘനമീറ്റര്‍ ആയി വര്‍ധിപ്പിക്കും. ഡാം മേഖലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാനും പദ്ധതിയുണ്ട്.
അണക്കെട്ടിന് സമീപം പുല്ലും ചെടികളും വച്ചുപിടിപ്പിക്കുകയും കൃത്രിമ തടാകങ്ങളൊരുക്കുകയും ചെയ്യും. കൂടുതല്‍ പാര്‍ക്കിങ് മേഖലകള്‍, ഇരിപ്പിടങ്ങള്‍, മേശകള്‍, ഉല്ലാസകേന്ദ്രങ്ങള്‍ എന്നിവ സജ്ജമാക്കിവരികയാണ്. മഴമൂലമുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ വടക്കന്‍ മേഖലയില്‍ കൂടുതല്‍ ഡാമുകളും തടാകങ്ങളും നിര്‍മിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. റോഡുകളിലേക്ക് മണ്ണിടിയുന്നത് തടയാനും നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.