കുവൈത്തില്‍ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. തൊഴില്‍ വകുപ്പില്‍ അനുഭവപ്പെടുന്ന ജനത്തിരക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക, താമസാനുമതി രേഖ ഒരു സ്പോണ്‍സറുടെ കീഴില്‍ നിന്ന് മറ്റൊരാളുടെ പേരിലേക്ക് മാറ്റുക തുടങ്ങിയ സേവനങ്ങളാണ് ഓണ്‍ലൈന്‍ വഴിയാക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ തൊഴില്‍ വകുപ്പില്‍ നേരിട്ട് പോകാതെ തന്നെ ഈ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാം. ഇതിനു പുറമേ തൊഴില്‍ വകുപ്പ് ഓഫീസുകളില്‍ താമസാനുമതി കാര്യ വിഭാഗത്തിന്റെ അന്വേഷണ ഓഫീസുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പി.ആര്.ഓമാര്‍ വീസക്കച്ചവടക്കാര്‍ എന്നിവരെ നിരീക്ഷിക്കുകയാണ് ഈ ഓഫീസുകളുടെ ദൗത്യം.
അതിനിടെ ഈ വര്‍ഷം സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് കുവൈത്ത് സാമൂഹിക തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള സ്വദേശികളുടെ റിക്രൂട്ട്മെന്റില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികളെ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കുന്ന രീതി വര്‍ധിച്ച് വരികയാണെന്നും മന്ത്രാലയം അറിയിച്ചു.