ദുബായ് : രാജ്യത്ത് പലയിടത്തും രാത്രിയോടെ മഴ പെയ്തു. നാളെയും മഴ പെയ്യുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഫെബ്രുവരി മുഴുവൻ തണുത്ത കാലാവസ്ഥ തുടരുമെന്നും താപനില എട്ട് ഡിഗ്രി സെൽഷ്യസോളം താഴുമെന്നും ദുബായ് നഗരസഭാ കലാവാസ്ഥാ പഠന വിഭാഗവും അറിയിച്ചിട്ടുണ്ട്.
മിക്ക എമിറേറ്റുകളിലും ഇന്ന് ശക്തമായ തണുത്ത കാറ്റ് വീശി. പലയിടത്തും ഇത് പൊടിക്കാറ്റായി രൂപാന്തരപ്പെട്ടു. ഉച്ച മുതലേ ആകാശം മേഘാവൃതമായിരുന്നു. വടക്കുപടിഞ്ഞാറൻ കാറ്റാണ് യുഎഇയിൽ വീശിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിൻ്റെ തീരപ്രദേശങ്ങളിൽ താപനില 23 ഡിഗ്രി സെൽഷ്യസ് വരെയാകും. ഉൾപ്രദേശങ്ങളിലെ ഏറ്റവും ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 14 മുതൽ 18 വരെ ഡിഗ്രി സെൽഷ്യസുമായിരിക്കും. ദൂരക്കാഴ്ച രണ്ടായിരം മീറ്ററിൽ താഴെയായി ചുരുങ്ങാനും സാധ്യതയുണ്ട്.
ഇൗ ആഴ്ചയ്ക്ക് ശേഷം താപനില സാധാരണ സ്ഥിതിയിലേയ്ക്ക് നീങ്ങും. കാറ്റിന്റെ ഗതി മണിക്കൂറിൽ 40 കിലോ മീറ്റർ വരെയായിരിക്കും. വാഹനമോടിക്കുന്നവരും മത്സ്യബന്ധനക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.