ഈ വര്‍ഷം പകുതിയോടെ യുഎഇയില്‍ നിലവില്‍ വരുന്ന നികുതി നിയമത്തിന്റെ കരടിന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗീകാരം നല്കി. മൂല്യവര്‍ധിത നികുതിയും തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്കുള്ള വില്പന നികുതിയും ആയിരിക്കും പുതിയ നിയമത്തിന്റെ കീഴില്‍ വരിക.
അടുത്ത ഒരു വര്‍ഷത്തിനിടെ രണ്ടു തരം നികുതികള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് യുഎഇയുടെ നിര്‍ദിഷ്ട നികുതി നിയമം. എല്ലാ ഗള്‍ഫ് രാജ്യങ്ങളും കൂട്ടായി നടപ്പാക്കുന്ന മൂല്യവര്‍ധിത നികുതിയാണ് ഇതില്‍ പ്രധാനം. അടുത്തവര്‍ഷം ജനുവരി ഒന്നു മുതലായിരിക്കും മൂല്യവര്‍ധിത നികുതി നിലവില്‍ വരിക. അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതിയിലൂടെ 1200 കോടി ദിര്‍ഹത്തിന്റെ അധികവരുമാനമാണ് രാജ്യത്തിനുണ്ടാവുക. ഇതിനു പുറമേയാണ് തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്കുള്ള വില്പന നികുതി.
പുകിയല, ഊര്‍ജ പാനീയങ്ങള്‍, ശീതളപാനീയങ്ങള്‍ തുടങ്ങി 93 ഉല്‍പ്പന്നങ്ങളാണ് ഇതിന്റെ പരിധിയില്‍ വരിക. പുകയിലെ ഉല്‍പ്പന്നങ്ങളുടെയും ഊര്‍ജ പാനീയങ്ങളുടെയും വില്പന നികുതി 100 ശതമാനമായിരിക്കും. ശീതള പാനീയങ്ങള്‍ക്ക് അന്‍പത് ശതമാനവും വില്പന നികുതി ഏര്‍പ്പെടുത്തും. ഈ വര്‍ഷം പകുതിയോടെ പ്രാബല്യത്തില്‍ വരുന്ന വില്പന നികുതി വര്‍ഷാവസാനത്തോടെ പൂര്‍ണതോതില്‍ നടപ്പിലാക്കും. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗീകരിച്ച നികുതി നിയമത്തിന്റെ കരടിന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. പുതിയതായി രൂപീകരിച്ച ഫെഡറല്‍ ടാക്സ് അതോറിറ്റിക്കായിരിക്കും നികുതി ഇടപാടുകളുടെ മേല്‍നോട്ടം.