റിയാദ്: അറബ് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ സൗദി ഷെയർ മാർക്കറ്റ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനായി സാറ ബിൻത് ജമാസ് അൽസുഹൈമിയെ തിരഞ്ഞെടുത്തു. സൗദിയിൽ സാമ്പത്തിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദവികളിലൊന്നാണിത്. 2007 ൽ സൗദി ഷെയർ മാർക്കറ്റ് കമ്പനി സ്ഥാപിതമായ ശേഷം ആദ്യമായാണ് ഒരു വനിത ചെയർമാൻ പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
റിയാദിൽ കമ്പനി ആസ്ഥാനത്ത് ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് സാറയെ ചെയർമാനായി തിരഞ്ഞെടുത്തത്. അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽമുഫ്ദിയെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തു.
സൗദി ഷെയർ മാർക്കറ്റ് കമ്പനി ഡയറക്ടർ ബോർഡ് അടുത്തിടെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു. സൗദിയിലെ ഏറ്റവും വലിയ ബാങ്കായ നാഷനൽ കൊമേഴ്സ്യൽ ബാങ്ക് (അൽഅഹ്ലി) നിക്ഷേപ വിഭാഗമായ അൽഅഹ്ലി കാപ്പിറ്റൽ സിഇഒ ആണ് സാറ അൽസുഹൈമി. 2014 ലാണ് സാറ ഈ പദവിയിൽ നിയമിതയായത്. അതിനു മുമ്പ് ജദ്വ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ പോർട്ട്ഫോളിയോ മാനേജ്മെന്റ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു.