ഇന്ത്യയില്‍ പുതിയ വിമാനക്കമ്പനി തുടങ്ങാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ എയര്‍വേയ്സ് രംഗത്ത്. വ്യോമയാന മേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.
ഖത്തര്‍ സര്‍ക്കാരിന്റെ നിക്ഷേപക വിഭാഗമായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് പുതിയ വിമാനക്കന്പനി ആരംഭിക്കുന്നത്. ഖത്തര്‍ എയര്‍വെയ്സിനും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്കുമായിരിക്കും കന്പനിയുടെ പൂര്‍ണ ഉടമസ്ഥാവകാശം. വിദേശ വിമാനക്കന്പനികള്‍ക്ക് 49 ശതമാനം നിക്ഷേപത്തിനാണ് അനുമതി. ഈ സാഹചര്യത്തിലാണ് ബാക്കി നിക്ഷേപത്തിന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ സഹായം തേടിയത്. തുടക്കത്തില്‍ നൂറു വിമാനങ്ങളുമായി ആഭ്യന്തര സര്‍വീസായിരിക്കും കന്പനി നടത്തുക. പിന്നീട് വിദേശ സര്വീസിസുകളും ആരംഭിക്കും. ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന ഖത്തര്‍ എയര്‍വെയ്സിന്റെ ആവശ്യം ഇന്ത്യന്‍ വ്യമയാന മന്ത്രാലയം തള്ളിയിരുന്നു. പുതിയ വിമാനക്കന്പനി തുടങ്ങുകയോ, ഇന്ത്യന്‍ കന്പനികളില്‍ നിക്ഷേപം നടത്തുകയോ ചെയ്യാനായിരുന്നു ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഇന്‍ഡിഗോയില്‍ നിക്ഷേപം നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് പുതിയ വിമാനക്കന്പനി എന്ന തീരുമാനത്തിലേക്കെത്തിയത്. പുതിയ വിമാനക്കന്പനിക്കുള്ള അപേക്ഷ ഉടന്‍ തന്നെ വ്യോമയാനമന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു.