യുഎഇയില്‍ നിന്നുള്ള ബിസിനസുകാര്‍ക്ക് ഇന്ത്യയിലേക്ക് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വീസ അനുവദിക്കും. ഇന്ത്യയില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. അതേസമയം യുഎഇയില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാന്‍ പദ്ധതിയില്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി വ്യക്തമാക്കി.
ബിസിനസുകാരായ യുഎഇ പൗരന്മാര്ക്കും, യുഎഇയില്‍ താമസ വീസ ഉള്ളവര്‍ക്കുമായിരിക്കും അഞ്ചു വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വീസ ലഭിക്കുക. ബിസിനസ് ആവശ്യത്തിനായി `ഇന്ത്യയിലേക്ക് സഞ്ചരിക്കുന്ന വ്യവസായികള്‍ക്ക് ഓരോ തവണയും വീസ എടുക്കേണ്ടി വരുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാം. ആയിരത്തി അഞ്ഞൂറു ദിര്‍ഹമായിരിക്കും വീസ ഫീസ്. ഇതിനു പുറമേ അഞ്ചുവര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസയും ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരും.
യുഎഇ ഇന്ത്യയില്‍ പുതിയ കോണ്‍സുലേറ്റ് തുറന്നുവെങ്കിലും ഇന്ത്യ യുഎഇയില്‍ പുതിയ കോണ്‍സുലേറ്റ് തുറക്കുന്നില്ല. യോഗ്യതയുള്ള ജീവനക്കാരുടെ കുറവും ഉയര്‍ന്ന സാന്പത്തിക ചെലവുമാണ് ഇതിനു കാരണം.
പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ യുഎഇ സഹകരണം കൂടുതല്‍ ശക്തമാകുമെന്നും ഇന്ത്യന്‍ അംബാസഡര്‍ വ്യക്തമാക്കി.