മസ്കത്ത്: സലാലയില്‍ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇടുക്കി ചോറ്റുപാറ സ്വദേശിനി ഷെബിന്‍ ജീവയുടെ ഭര്‍ത്താവ് ജീവ സെബാസ്റ്റിയനെ പോലീസ് ചോദ്യം ചെയ്യുന്നു. വ്യാഴാഴ്ച രാത്രി വിളിച്ചു വരുത്തിയ ജീവ സെബാസ്റ്റ്യനെ ഇതുവരെ വിട്ടയച്ചിട്ടില്ല. റോയല്‍ ഒമാന്‍ പോലീസ് കുറ്റാന്വേഷണ വിഭാഗമാണ് ജീവയെ ചോദ്യം ചെയ്യുന്നത്. ഷെബിന്റെ മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തെളിവെടുപ്പിന് ശേഷം വ്യാഴാഴ്ച രാത്രി വൈകിയാണ് മൃതേദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. വിരലടയാള വിദഗ്ധരും കുറ്റാന്വേഷണ വിഭാഗവും തെളിവുകള്‍ ശേഖരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സലാല ദോഫാര്‍ ക്ലബിനടുത്തെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സലാല സഫീര്‍ ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ ഷെഫ് ആയ ജീവ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ഭാര്യ ഷെബിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ട്. ജീവ സെബാസ്റ്റ്യന്‍ തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്.
നാല് വര്‍ഷം മുമ്പാണ് ജീവ സെബാസ്റ്റ്യനും ഷെബിനും വിവാഹിതരാകുന്നത്. കഴിഞ്ഞ മെയിലാണ് സലാലയിലെ കെയര്‍ ഡെന്റല്‍ ക്ലിനിക്കില്‍ നഴ്സ് ആയി ഷെബിന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ വാരാന്ത്യ അവധി ആയതിനാല്‍ ഞായറാഴ്ച മാത്രമെ ഇനി പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു.