ഇന്ത്യ– യുഎഇ സഹകരണം ഉയരങ്ങളിലേയ്ക്ക് കുതിക്കുമ്പോൾ, ഇരു രാജ്യങ്ങളുടെയും സൗഹൃദ സന്ദേശവുമായി മലയാളി യുവാവിന്റെ ആകാശച്ചാട്ടം. സൗഹൃദത്തിന് ആകാശം അതിരല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചപ്പോൾ ഇതിന് എെക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ സ്വദേശി സാദിഖ് അഹമ്മദ് ആകാശത്തു നിന്ന് ഭൂമിയിലേക്ക് പറന്നിറങ്ങുകയായിരുന്നു.
ഷെയ്ഖ് മുഹമ്മദിന്റെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ചായിരുന്നു പതിമൂവായിരം അടി ഉയരത്തില്‍ നിന്നുള്ള ആകാശച്ചാട്ടം. ഇരുകൈകളിലും റിപ്പബ്ലിക് ദിന ആശംസകളും എഴുതിയിരുന്നു. ഏഴുമിനിട്ട് നീണ്ട ആകാശച്ചാട്ടത്തിനൊടുവിൽ പാരച്യൂട്ടില്‍ നിലം തൊട്ടതോടെ കയ്യില്‍ കരുതിയിരുന്ന ഇന്ത്യയുടെയും യുഎഇയുടെയും ദേശീയ പതാകകള്‍ വീശി സാദിഖ് ആഹ്ളാദപ്രകടനം നടത്തി. കഴിഞ്ഞ നാലു വര്‍ഷമായി അബുദാബി ഗ്യാസ്കോയില് ജോലി ചെയ്യുകയാണ് സാദിഖ്.