പ്രമുഖ അമേരിക്കന്‍ ടിവി താരം കിം കര്ദാഷിയന് ദുബായ് സന്ദര്‍ശനത്തിനിടെ ഭിന്നശേഷിയുള്ള കുട്ടികളുടെ അഭയകേന്ദ്രം സന്ദര്‍ശിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നു. സര്‍ക്കാര്‍ നയന്ത്രണത്തിലുള്ള എമറത്ത് അല്‍ യ്യോം പത്രമാണു വാര്‍ത്ത പുറത്തുവിട്ടത്. ബന്ധപ്പെട്ട അധികൃതരില്‍നിന്നു മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് കിം, റഷീദ് പീഡിയാട്രിക് തെറാപ്പി സെന്റര്‍ സന്ദര്‍ശിച്ചതെന്നാണു റിപ്പോര്‍ട്ട്. ഇത്തരം കേന്ദ്രങ്ങള്‍ക്കു സര്‍ക്കാരിതര സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.
ജനുവരി 16-ന് കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ കിം അവിടുത്തെ കുട്ടികള്‍ക്കു ടീഷര്‍ട്ട് നല്‍കിയിരുന്നു. ട്വിറ്ററില്‍ കിം തന്നെയാണ് ഇക്കാര്യം അറിയിച്ചു ചിത്രം പോസ്റ്റ് ചെയ്തത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചതായി പത്രറിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഇത്തരം കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറ്റം തെളിഞ്ഞാല്‍ റഷീദ് സെന്റര്‍ പിഴ അടയ്ക്കേണ്ടിവരും. ഒക്ടോബറില്‍ പാരീസില്‍ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ കിമ്മിനെ ചിലര്‍ തോക്കുചൂണ്ടി പണം കവര്‍ന്നിരുന്നു.