രാജ്യാന്തര നിലവാരം അനുസരിച്ച് ദുബായ് സിവില്‍ ഡിഫന്‍സ് രൂപപ്പെടുത്തിയ അഗ്നിസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത ആഴ്ച പുറത്തിറക്കും. 22 മുതല്‍ 24 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ പ്രദര്‍ശനമായ ഇന്റര്സെകിലാണ് ഇത് പ്രസിദ്ധപ്പെടുത്തുക.
വര്‍ധിച്ചുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടേയും തീപിടിത്തങ്ങളുടേയും പശ്ചാത്തലത്തില്‍ കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വ്യവസ്ഥകളാണ് ദുബായ് സിവില്‍ ഡിഫന്‍സ് മുന്നോട്ടുവയ്ക്കുന്നത്. നിലവിലുള്ള മാനദണ്ഡങ്ങള്‍ ചിലത് മാറ്റം വരുത്തിയും പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയതെന്ന് ദുബായ് സിവില്‍ ഡിഫന്‍സിലെ സ്മാര്‍ട് സര്‍വീസസ് വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ലഫ്റ്റനന്റ് കേണല്‍ അലി അല്‍ മുതവ പറഞ്ഞു.
എമര്‍ജന്‍സി ഡോര്‍, കെട്ടിടങ്ങള്‍ മോഡികൂട്ടുന്ന ക്ലാഡിംഗ്, അഗ്നിശമന സേനയ്ക്ക് പെട്ടന്ന് എത്തിച്ചേരാനുള്ള സൗകര്യം തുടങ്ങിയ നിര്ദ്ദേങ്ങളെല്ലാം പുതിയ വ്യവസ്ഥയില്‍ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ പരിശോധന, മെയിന്റനന്‍സ്, ഗുണമേന്മ തുടങ്ങിയവ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ഇതിലുണ്ടാകും. സിസിടിവി ക്യാമറ അടക്കം സുരക്ഷാ മേഖലകളില്‍ നിന്നുള്ള ലോകോത്തര കമ്പനികളുടെ സാന്നിധ്യവുമുണ്ട്. 58 രാജ്യങ്ങളിലെ 1304 പ്രദര്‍ശകര്‍ ത്രിദിന മേളയില്‍ പങ്കെടുക്കും.