മസ്കത്ത്: അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകം വിമാനത്താവള നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പി എ സി എ). നിര്‍മാണ പ്രവൃത്തികള്‍ 50 ശതമാനം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കിയതായി പി എ സി എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സഅ്ബി പറഞ്ഞു.
പാസഞ്ചര്‍ ടെര്‍മിനല്‍, കാലാവസ്ഥാ നിരീക്ഷണ കോംപ്ലക്സ്, കണ്ട്രോള് ടവര്‍, കാര്‍ഗോ കെട്ടിടം, വിമാന കമ്പനികള്‍ക്കുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം തന്നെ വിമാനത്താവളം യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നാസര്‍ അല്‍ സഅ്ബി പറഞ്ഞു. ദുകം പ്രത്യേക സാമ്പത്തിക മേഖലയുമായി സഹകരിച്ചായിരിക്കും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് കമ്പനി, ഒമാന്‍ എയര്‍, റോയല്‍ ഒമാന്‍ പോലീസ് തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളും കമ്പനികളും വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.