വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ ഏതാനും ദിവസം മുൻപ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ കവർന്ന വിക്കി ഓഡിന്റ്കോവ എന്ന റഷ്യൻ മോഡലിനെ ദുബായ് പൊലീസ് വിളിച്ചുവരുത്തിയതായി റിപ്പോർട്ട്. ദുബായിൽവച്ച് ഇത്തരം അപകടകരമായ പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ദുബായ് പൊലീസ്, ഇക്കാര്യം മോഡലിൽനിന്ന് രേഖാമൂലം എഴുതിവാങ്ങുകയും ചെയ്തതായാണ് റിപ്പോർട്ട്. ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്വന്തം ജീവന് അപകടമുണ്ടാക്കുന്ന രീതിയിലാണ് ഇരുപത്തിമൂന്നുകാരിയായ റഷ്യൻ മോഡൽ പെരുമാറിയതെന്ന് ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ഇത്തരം അപകടകരമായ രീതികൾ പൊലീസിന് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. വേണ്ടത്ര മുൻകരുതലോ അധികാരികളുടെ അനുമതിയോ കൂടാതെ ഇത്തരം അപകടകരമായ പ്രവൃത്തികൾ ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള അംബരചുംബികളിലൊന്നായ ദുബായിലെ കായൻ ടവറിന്റെ മുകളിൽ ബാൽക്കണിയിൽ കയറി നിന്ന് ഒരാളുടെ കൈയിൽ തൂങ്ങി ഇൻസ്റ്റാഗ്രാം ആരാധകർക്കായി ഫോട്ടോ ഷൂട്ട് നടത്തിയാണ് വിക്കി വാർത്തകളിൽ ഇടം പിടിച്ചത്. 73 നിലകളുള്ള കെട്ടിടമാണിത്. വിക്കിയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. യാതൊരു വിധത്തിലുള്ള സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതെയാണ് ഇത്ര ഉയരത്തിൽ നിന്നും വിക്കി ഫോട്ടോഷൂട്ട് നടത്തിയത്. ഈ സാഹചര്യത്തിലാണ് ദുബായ് പൊലീസിന്റെ ഇടപെടൽ.