വിവിധ രാജ്യങ്ങളിലെ കോൺസുലേറ്റ് ഉദ്യോഗസ്ഥന്മാർ പങ്കെടുക്കുന്ന സൗഹൃദ ഡിപ്ലോമാറ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പ് കപ്പ് ഇൗ മാസം 20, 21 തിയതികളിൽ സ്കൈലൈൻ യൂണിവേഴ്സിറ്റി കോളജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. രണ്ട് ദിവസവും രാവിലെ ഏഴര മുതൽ വൈകിട്ട് ആറ് വരെയാണ് മത്സരങ്ങൾ. സ്കൈലൈൻ യൂണിവേഴ്സിറ്റി കോളജിൻ്റെ സഹകരണത്തോടെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന ടൂർണമെൻ്റിൽ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകൾ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ന്യൂസിലാൻഡ് ടീം പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഡെപ്യുട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ പറഞ്ഞു.
11 പേരടങ്ങുന്ന 15 ഒാവർ മത്സരമാണ് അരങ്ങേറുക. ഫൈനൽ 20 ഒാവറായിരിക്കും. നാല് ടീമുകളാണെങ്കിൽ രണ്ട് ടീമുകൾ വീതമുള്ള ഗ്രൂപ്പുകള്‍ തിരിച്ച് ലീഗ് മത്സരവും ന്യൂസിലാൻഡ് ടീം കൂടിയുണ്ടെങ്കിൽ നോക്കൗട്ട് രീതിയിലുമായിരിക്കും ടൂർണമെൻ്റ് . കോൺസുലേറ്റ് ഉദ്യോഗസ്ഥർ തമ്മിൽ സൗഹൃദം ദൃഢപ്പെടുത്തുന്നതിന് ഇൗ ടൂർണമെൻ്റ് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇൗ വർഷം ചാംപ്യന്മാരാകുന്ന രാജ്യത്തെ കോൺസുലേറ്റായിരിക്കും അടുത്ത വർഷം ടൂർണമെൻ്റിന് നേതൃത്വം നൽകുക. ഒാസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ കൂടി പങ്കെടുക്കുന്ന ടൂർണമെൻ്റ് അടുത്ത വർഷം വിപുലമായി സംഘടിപ്പിക്കും.
പാസ്പോർട് കോൺസൽ സന്ദീപ് ചൗധരി, സ്കൈലൈൻ യൂണിവേഴ്സിറ്റി കോളജ് ഡെപ്യുട്ടി ഡയറക്ടർ രാകേഷ് ഗൗർ, വിവിധ കോൺസുലേറ്റ് പ്രതിനിധികൾ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.