സൂപ്പര്‍മാര്‍ക്കറ്റുകളിലെയും കടകളിലെയും പുകയില ഉല്പന്നങ്ങളുടെ വില്പനക്ക് ഒമാന്‍ ആരോഗ്യമന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. പുകയില ഉല്പന്നങ്ങളോ പരസ്യങ്ങളോ കടയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു.
പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉല്പന്നങ്ങളുടെ നികുതിയില്‍ നൂറു ശതമാനത്തിന്റെ വര്‍ധന വരുത്തിയത് പിന്നാലെയാണ് പുതിയ നിയന്ത്രണം. 17 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നികുതിയില്‍ വര്‍ധന വരുത്തിയത്. മദ്യം, പുകയില എന്നിവയ്ക്ക് പ്രത്യേക നികുതി ചുമത്താന്‍ പുതിയ ബജറ്റിലും നിര്‍ദേശമുണ്ട്. ഇതോടെ സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങളുടെ വില കൂടും. ഇതുസംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വന്നതായി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പുകയില നിയന്ത്രണ കമ്മിറ്റി വക്താവ് ഡോ. ജവാദ് അല്‍ ലവാട്ടി പറഞ്ഞു.
പുകയില ഉല്പന്നങ്ങള് വില്ക്കാന് അനുമതിയുണ്ടെങ്കിലും ഉല്പന്നങ്ങളുടെ പരസ്യങ്ങളോ പുകവലിക്കുന്ന ചിത്രങ്ങളോ പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം മാളുകളിലും മറ്റ് കടകളിലുമായി പുകയില ഉല്പന്നങ്ങളുടെ സ്ഥാനം ഇതിനോടകം മാറ്റി. രാജ്യത്തെ പുകവലി വിമുക്തമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടി.