ഇരുപത്തിയഞ്ചാമത് ദുബായ് രാജ്യാന്തര ബോട്ട് ഷോയ്ക്ക് തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്ണൂറ്റന്‍പതോളം കന്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. മാര്‍ച്ച് നാലു വരെ പ്രദര്‍ശനം തുടരും.
ആഡംബരത്തിന്റെ കടല്‍ക്കാഴ്ചകളാണ് ദുബായ് ബോട്ട് ഷോ. മികവിലും ആഡംബരത്തിലും ഒരു പോലെ മുന്നിട്ട് നില്ക്കുന്ന പല തരത്തില്‍ പെട്ട അഞ്ഞൂറോളം യോട്ടുകളും ബോട്ടുകളുമാണ് ദുബായ് ബോട്ട് ഷോയിലുള്ളത്. നൂറ്റന്പത് കോടിയിലധികം വിലമതിക്കുന്ന സൂപ്പര്‍ യോട്ടുകളാണ് ബോട്ട് ഷോയിലെ താരങ്ങള്‍.
ലോകത്ത് ആഡംബര നൗകകള്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന മേഖലകളിലൊന്നായ മധ്യപൂര്‍വദേശത്ത് തങ്ങളുടെ ഏറ്റവും പുതിയ മോഡലുകള്‍ അവതരിപ്പിക്കുകയാണ് ഓരോ കന്പനികളും. ഏറ്റവും വ്യത്യസ്തമായ രീതിയില്‍ യോട്ടുകള്‍ ഒരുക്കി അവതരിപ്പിക്കുകയാണ് വിവിധ കമ്പനികള്‍. തുടര്‍ച്ചയായ ഇരുപത്തിയഞ്ചാം വര്‍ഷമാണ് ആഡംബരയാനങ്ങളുടെ കാഴ്ചകളും വിശേഷങ്ങളുമായി ദുബായ് ബോട്ട് ഷോ സംഘടിപ്പിക്കപ്പെടുന്നത്. ഒട്ടേറെ വാണിജ്യ ഇടപാടുകള്‍ക്കും അഞ്ചു ദിവസത്തെ ബോട്ട് ഷോ വേദിയാകുന്നു. റോവിങ്, ജെറ്റ് സ്കീ, സര്‍ഫിങ്, വാട്ടര്‍ബൈക്കുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട മല്‍സരങ്ങളും ബോട്ട് ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.