കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് ഡ്രീം ലൈനര്‍ സര്‍വീസുമായി എയര്‍ ഇന്ത്യ. അടുത്ത ബുധനാഴ്ച മുതലാണ് കൊച്ചി ദുബായ് സെക്ടറില്‍ എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനം സര്‍വീസ് നടത്തുക.
മിതമായ നിരക്കില്‍ മികച്ച യാത്രസൗകര്യം എന്ന വാഗ്ദാനവുമായാണ് എയര്‍ ഇന്ത്യ കൊച്ചി ദുബായ് സെക്ടറില്‍ ഡ്രീം ലൈനര്‍ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ ഒന്പതേകാലിന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 12 മണിക്ക് ദുബായിലെത്തും. ദുബായില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കൊച്ചിയിലേക്കുള്ള വിമാനം പുറപ്പെടുക. വൈകീട്ട് 6.50ന് കൊച്ചിയിലെത്തും. നിലവില്‍ ഉപയോഗിക്കുന്ന എയര്‍ബസ് എ320യ്ക്ക് പകരമായാണ് കൂടുതല്‍ സൗകര്യങ്ങളുള്ള ഡ്രീം ലൈനര്‍ എത്തുന്നത്.
ബിസിനസ് ക്ലാസില്‍ പതിനെട്ട് സീറ്റുകളും ഇക്കോണമി ക്ലാസില്‍ 238 സീറ്റുകളുമാണ് ഡ്രീംലൈനറില്‍ ഉള്ളത്. കൂടുതല്‍ സുഖപ്രദമായ സീറ്റുകളും മികച്ച സേവനങ്ങളുമായിരിക്കും ഡ്രീംലൈനറില്‍ ഉണ്ടാവുക. തുടക്കത്തില്‍ ബിസിനസ് ക്ലാസില്‍ 50 കിലോ ലഗേജും ഇക്കോണമി ക്ലാസില്‍ 40 കിലോ ലഗേജും അനുവദിക്കും.