2019ല്‍ സ്പെഷല്‍ ഒളിംപിക് വേള്‍ഡ് ഗെയിംസ് അബുദാബിയില്‍. ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ അബുദാബിയും സ്പെഷല്‍ ഒളിംപിക് വേള്‍ഡ് ഗെയിംസ് അധികൃതരും ഒപ്പുവച്ചു.
2019 മാര്‍ച്ച് 14 മുതല്‍ 21 വരെയായിരിക്കും അബുദാബി സ്പെഷല്‍ ഒളിംപിക് വേള്‍ഡ് ഗെയിംസിന് ആതിഥ്യം വഹിക്കുക. അഡ്നെക്, സായിദ് സ്പോര്‍ട് സിറ്റി, ഐപിക് അറീന തുടങ്ങിയ വേദികളിലായി 22 ഇനങ്ങളിലാണ് മല്‍സരം നടക്കുക. 170 രാജ്യങ്ങളില്‍ നിന്നായി ഏഴായിരത്തോളം താരങ്ങളും ഇരുനൂറ്റന്‍പതിലധികം പരിശീലകരും ഒളിംപിക്സിനെത്തും. അഞ്ചു ലക്ഷത്തോളം കാണികളെയാണ് സ്പെഷല്‍ ഒളിംപിക്സിന് പ്രതീക്ഷിക്കുന്നത്.
2016 നവംബറിലാണ് അബുദാബിയെ ആതിഥേയരായി തിരഞ്ഞെടുത്തത്. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തില്‍ അല്‍ ബഹ കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പിട്ടത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ പുനരധിവസിപ്പിക്കാനും അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താനും സ്പെഷല്‍ ഒളിംപ്ക്സ് സഹായിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.