സൗദി അറേബ്യയിലെ ദമാമിൽ നീന്തൽക്കുളത്തിൽ വീണ് സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസ് ബഷീറിന്റെ മക്കളായ ഷമാസ്, സൗഫാൻ ഗുജറാത്ത് സ്വദേശി രവിയുടെ മകൻ ഹാർദ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. ദമാം ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ബിസിഐ കമ്പനിയിൽ ജോലിക്കാരായ നവാസ് ബഷീറും രവിയും കുടുംബസമേതം കമ്പനി വളപ്പിൽ തന്നെയാണ് താമസിച്ചിരുന്നത്.
കളിക്കാൻപോയി ഏറെനേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് നീന്തൽക്കുളത്തിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ അടുത്തുള്ള ദമാം അൽ മന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏഴു വയസുകാരനായ ഷമാസ് രണ്ടാം ക്ലാസ് വിദ്യാർഥിയും അഞ്ച് വയസുള്ള സൗഫാൻ എൽ.കെ.ജി വിദ്യാർഥിയുമാണ്.