ദുബായിലെ കാരിയർമാർ സ്ത്രീകൾ; സ്വർണം കടത്താൻ പലവഴികൾ, വാഗ്ദാനങ്ങൾ ഇങ്ങനെ

gold-smuggling.jpg.image
SHARE

ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവതിയെ സ്വര്‍ണക്കടത്തുകാർ തട്ടിക്കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവം വിവാദമായിരിക്കെ കാരിയർമാരെ കിട്ടാതെ സ്വർണക്കടത്തുകാർ വലയുന്നു. മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയത്. സന്ദർശക വീസയിൽ ജോലി തേടി ദുബായിലെത്തിയ യുവതിയുടെ ഭർത്താവിന്റെ പരിചയക്കാർ ഏൽപിച്ച ബാഗിൽ സ്വർണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അത് മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചു എന്നാണ് ബിന്ദുവിന്റെ മൊഴി. 

ദുബായിൽ നിന്നുള്ള സ്വർണക്കടത്തിന് സ്ത്രീകളാണ് ഏറ്റവുമധികം കാരിയർമാകുന്നത് എന്നതിനാൽ ഇവരുടെ വാക്കുകൾ പൂർണമായും വിശ്വസിക്കാൻ ആരും തയാറാവുകയില്ല. അതേസമയം, ബിന്ദുവിന്റെ സംഭവത്തോടെ സ്വർണ കാരിയറാകാൻ സ്ത്രീകൾ പഴയ പോലെ തയാറാകുന്നില്ലെന്നാണ് വിവരം. സ്ത്രീകളാകുമ്പോൾ ചെറിയ തുകയുടെ പ്രതിഫലത്തിന് വലിയ ബുദ്ധിമുട്ടില്ലാതെ സ്വർണം നൽകാമെന്നതാണ് കള്ളക്കടത്തുകാരെ ഇൗ വിഭാഗത്തിലേയ്ക്ക് ആകർഷിക്കുന്നത്. കാരിയർമാരാകാൻ തയാറുള്ളവർക്ക് വേണ്ടി സ്വർണക്കടത്തു സംഘങ്ങൾ ഇതിനകം ഒട്ടേറെ സമീപിച്ചുകഴിഞ്ഞു. കൂടുതൽ പണവും മറ്റു ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. നല്ലൊരു തുകയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് തന്നെ സ്വർണക്കടത്ത് സംഘത്തിലെ അംഗം സമീപിച്ചതായി അജ്മാനിൽ വീട്ടുജോലിക്കാരിയായ കോഴിക്കോട് സ്വദേശിനി മനോരമ ഒാൺലൈനിനോട് പറഞ്ഞു. കോഴിക്കോട് കൊടുവള്ളി, വയനാട് സ്വദേശികളാണ് സ്വർണക്കടത്ത് സംഘത്തിലേറെയും.

സന്ദർശക വീസയില്‍ ജോലിയന്വേഷിച്ചെത്തി കുടുങ്ങിയവരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും ഏറെ കാലമായി നാട്ടിലേയ്ക്ക് പോകാനാകാത്ത ഗ്രോസറി, കഫ്റ്റീരിയ തുടങ്ങിയ ഇടങ്ങളിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന യുവാക്കളെയുമാണ് യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കാറുള്ളത്. നാട്ടിലേയ്ക്ക് സ്വർണം കൊണ്ടുപോവുകയാണെങ്കിൽ വിമാന ടിക്കറ്റും അരലക്ഷം രൂപ വരെയും പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് സാധാരണക്കാരായ നിഷ്കളങ്ക യുവത്വങ്ങളെ വലവീശിപ്പിടിക്കുന്നത്. 

ഒട്ടേറെ പേർ ഇതിനകം കാരിയർമാരായി പ്രവർത്തിച്ചു. മറ്റനേകം പേർ യാത്രയ്ക്ക് തയാറെടുപ്പുകൾ നടത്തുന്നു. ഇത്തരത്തിൽ ദിനംപ്രതി വൻതോതിൽ സ്വർണം ഇന്ത്യയിലേയ്ക്ക് കടത്തുന്നതായാണ് റിപ്പോർട്ട്. യുഎഇയിൽ പ്രവർത്തിക്കുന്ന മലയാളികളായ സ്വർണക്കടത്തു സംഘങ്ങളാണ് നിരാലംബരായ യുവതീയുവാക്കളെ വലവീശിപ്പിടിക്കുന്നത്. ഇതിന് സ്ത്രീകളെയും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വർണക്കടത്ത് സാധ്യമാകുന്നത് എന്നതും മറ്റൊരു യാഥാർഥ്യം. 

വലയിൽ വീഴുന്നത് നിരാലംബരായ യുവതീ യുവാക്കൾ

ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ സന്ദർശ വീസയിൽ ജോലി അന്വേഷിച്ചെത്തിയ പലരും കോവിഡ് വ്യാപകമായതിനെ തുടർന്ന് യുഎഇയിൽ  ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിതത്തിലായിരുന്നു. വന്ദേഭാരത് മിഷൻ പദ്ധതിയിലൂടെ സന്നദ്ധ സംഘടനകളുടെയും മറ്റും സൗജന്യ ടിക്കറ്റിലാണ് പലരും ഒടുവിൽ മടക്ക യാത്ര ചെയ്തത്. പോകുമ്പോൾ ഇവരിൽ പലരും ചുരുങ്ങിയത് ഒരു കിലോ സ്വർണം കൊണ്ടുപോവുകയായിരുന്നു. ഇപ്പോഴും മിക്ക വിമാനങ്ങളിലും ഇത്തരത്തിൽ സ്വർണം കൊണ്ടുപോകുന്നുവെന്നാണ് വിവരം. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇവരെ സഹായിക്കാൻ ചില കസ്റ്റംസ് ഉദ്യോഗസ്ഥർ തയാറാകുന്നു. അല്ലാതെ ഇത്തരത്തിൽ ഒരിക്കലും സ്വർണം കൊണ്ടുപോകാൻ സാധിക്കില്ലെന്ന് നേരത്തെ കാരിയറായി പ്രവർത്തിച്ചിരുന്ന മലപ്പുറം സ്വദേശി മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഒട്ടേറെ പ്രാവശ്യം കൊണ്ടുപോകുമ്പോള്‍ എന്നെങ്കിലും ഒരിക്കൽ ചെറിയ തോതിലുള്ള സ്വർണക്കടത്ത് പിടികൂടി വിമർശകരുടെ വായടക്കുകയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ചെയ്യുന്നത്.

സ്വർണക്കടത്തുകാര്‍ ജീവന് ഭീഷണിയുയർത്തുന്നു എന്ന് മാസങ്ങൾക്ക് മുൻപ് ഷാർജയിൽ താമസിക്കുന്ന തിരുവനന്തപുരം കടയ്ക്കൽ സ്വദേശിനി ഷീജ പരാതിപ്പെട്ട വാർത്ത നേരത്തെ മനോരമ ഒാൺലൈൻ റിപോർട്ട് ചെയ്തിരുന്നു. കാരിയർമാരായി ഒട്ടേറെ യുവതികളെ താൻ ഏർപ്പാടാക്കി നൽകിയിരുന്നു എന്നും എന്നാൽ, താൻ കാരിയർ ആയിട്ടില്ലെന്നുമായിരുന്നു ഷീജയുടെ മൊഴി. ഒരു കാരിയറെ കണ്ടെത്തിയാൽ 200 ദിർഹം പ്രതിഫലം ലഭിച്ചിരുന്നതായും ഇവർ തുറന്നുപറഞ്ഞു. 

എല്ലാ രഹസ്യങ്ങളും പറയാം, മകള്‍ക്ക് നേരെ അപകീർത്തി: സ്വർണക്കടത്ത് വലയിൽ കുടുങ്ങിയ മലയാളി യുവതി

ഇല്ലാത്ത സ്വർണത്തിന്റെ പേരിൽ മകളുടെ വിവാഹം മുടക്കുകയും തങ്ങളെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നതായി ഷീജ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഷീജയുടെ രണ്ടാമത്തെ മകളെ വിവാഹം കഴിച്ചുകൊടുക്കാത്തതിന്റെ പേരിൽ സ്വർണക്കടത്ത് സംഘത്തലവനായ വയനാട് സ്വദേശിയുടെ യുഎഇയിലെയും നാട്ടിലെയും അനുയായികളാണ് ഉപദ്രവിക്കുന്നതെന്നായിരുന്നു പരാതി. നാട്ടിൽ മകളുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിന്റെ വീട്ടിൽ ചെന്ന് മകൾ ഏറെ കാലം ജയിൽശിക്ഷ അനുഭവിച്ചു എന്നതടക്കം കള്ളത്തരങ്ങൾ പറഞ്ഞു പരത്തിയതായും മകളുടെ സമൂഹമാധ്യമ പേജുകളിൽ നിന്ന് കോളജിലെ സുഹൃത്തുക്കളോടൊന്നിച്ചുള്ള ചിത്രങ്ങൾ എടുത്ത് അപകീർത്തിപ്പെടുത്തുകയാണെന്നും പരാതിപ്പെട്ടു. 

സ്വർണക്കടത്ത് സംഘത്തെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും ആർക്കു മുൻപിൽ വേണമെങ്കിലും പറയാൻ തയ്യാറാണെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.  കഴിഞ്ഞ 14 വർഷമായി ഷാർജയിൽ തയ്യൽക്കടയും ബ്യൂട്ടി പാർലറും നടത്തിവരുന്ന ഷീജ മാസങ്ങൾക്ക് മുൻപാണ് യുഎഇയിലെ സ്വർണക്കടത്തു സംഘവുമായി ബന്ധപ്പെട്ടത്. സംഘത്തിന്റെ കാരിയറായിരുന്ന, ഷാർജയിൽ ഗ്രോസറിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയായ യുവാവായിരുന്നു ഷീജയ്ക്ക് സംഘത്തെ പരിചയപ്പെടുത്തിയത്.

ചെറിയ വരുമാനക്കാരെ കാരിയറാക്കാൻ സംഘങ്ങൾ

നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് ഷാർജയിലെ വില്ലയിൽ താമസിപ്പിച്ചും കാരിയർമാരായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളാണ് അടുത്ത കാലത്തായി ഇതിന് കൂടുതലും ഉപയോഗിച്ചിരുന്നത്. സംഘങ്ങൾ നാട്ടിൽ നിന്ന് ബന്ധുക്കളെ സന്ദർശക വീസയിൽ കൊണ്ടുവന്ന് കാരിയർമാരായി ഉപയോഗിക്കുന്നു. ഇത്തരത്തിലെത്തിയതായിരിക്കാം മാന്നാർ സ്വദേശി ബിന്ദുവെന്നാണ് സംശയിക്കുന്നത്. ഗ്രോസറികളിലും മറ്റും ചെന്ന് ഡെലിവറി ബോയിമാരെയും മറ്റും പരിചയപ്പെട്ട് നാട്ടിലേയ്ക്ക് പോയി വരാൻ വിമാന ടിക്കറ്റും അരലക്ഷത്തോളം രൂപയുമാണ് ചുരുങ്ങിയത് ഒന്നര കിലോ സ്വർണം കൊണ്ടുപോയി കൃത്യമായി കൈമാറിയാൽ പ്രതിഫലം നൽകുക. പ്രോട്ടീൻ പൊടി കൂടി ചേർത്ത് കുഴമ്പുരൂപത്തിലാക്കി രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചാണ് കൊണ്ടുപോകുന്നത്. ദെയ്റയിലെ ഒരു ജ്വല്ലറിയാണ് ഇതിന് സഹായം നൽകുന്നത് എന്നാണ് അറിയാൻ സാധിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...