വിദഗ്ധരെ ഗൾഫ് വിളിക്കുന്നു; മലയാളികൾക്കും അവസരങ്ങളുടെ പെരുമഴ

uae
SHARE

കടലിൽ സ്ഥാപിക്കുന്ന കാറ്റാടിപ്പാടം വേണം, നെതർലൻഡിലേക്ക്. യൂറോപ്യൻ ഉടമസ്ഥതയിലുള്ള ലാംപ്രൽ എന്ന കമ്പനി കരാർ എറ്റെടുത്തു. കമ്പനി പ്രവർത്തിക്കുന്നത് യുഎഇയിൽ. കാറ്റാടിപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള കാർബൺ സ്റ്റീൽ അടക്കമുള്ളവ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തു. ഒപ്പം തൊഴിലാളികളെയും എത്തിച്ചു. കമ്പനിയിലെ ഭൂരിഭാഗം തൊഴിലാളികളും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ.

ഗൾഫ് രാജ്യങ്ങൾ പുതിയ വരുമാനമാർഗം തേടുന്നതും മലയാളികൾക്ക് വിദഗ്ധ ജോലിയുടെ വാതായനം തുറന്നുകിട്ടുന്നതും ഇങ്ങനെയാണ്. അടിസ്ഥാനസൗകര്യങ്ങളെല്ലാമൊരുക്കി ലോകോത്തര കമ്പനികളെ ക്ഷണിക്കും. കമ്പനികളെത്തുന്നതോടെ ഇറക്കുമതിയും കയറ്റുമതിയുമുണ്ടാകും. നാനാതരം സേവനങ്ങൾക്കായി ലോകത്തെല്ലായിടത്തുനിന്നും സഞ്ചാരികളെത്തും. പലവിധത്തിൽ രാജ്യത്തിന്റെ ഖജനാവിലേക്കു പണമെത്തും. ഈ വർഷത്തേക്കുള്ള ദുബായ് ബജറ്റ് പ്രകാരം അവർ പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ 4 ശതമാനം മാത്രമാണ് എണ്ണയിൽനിന്നുള്ളത്. 59 ശതമാനവും ഫീസ് ഇനത്തിലാണ്. ലോകോത്തര കമ്പനികൾക്കായി വാതിൽ തുറന്നിട്ടാണ് ദുബായ് ഇതു സാധ്യമാക്കിയത്. മനുഷ്യവിഭവമോ മെറ്റീരിയൽസോ ഇല്ലെങ്കിലും കമ്പനികൾ ദുബായിലെത്തി. ഒപ്പം കമ്പനി ഉടമകളും വിദഗ്ധ ജോലിക്കാരുമൊക്കെയായി മലയാളികളടക്കമുള്ളവരുമെത്തി.

ദുബായിയുടെ വഴിയേ മറ്റു ഗൾഫ് മേഖലകളും എണ്ണയിതര വരുമാനത്തിൽ കുതിപ്പുണ്ടാക്കാൻ വഴിതേടുമ്പോൾ ഈ രാജ്യങ്ങൾക്കു കൂടുതൽ വിദഗ്ധരെ വേണം. വിദഗ്ധരെ ആകർഷിക്കാൻ ഗൾഫ് നാടുകൾ നടത്തുന്ന പ്രഖ്യാപനങ്ങൾ മലയാളികൾക്കും ഒട്ടേറെ അവസരങ്ങളാണ് തുറന്നു നൽകുന്നത്.

നിലവിൽ ദുബായ് ഒഴികെയുള്ള മിക്ക ഗൾഫ് മേഖലകളുടെയും പ്രധാന വരുമാന മാർഗം എണ്ണയാണ്. 

ഇതിൽ മാറ്റമുണ്ടാക്കാൻ പദ്ധതികളുമായി ഈ നാടുകൾ രംഗത്തെത്തുകയും ചെയ്യുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസ നേടിയ വിദഗ്ധരെ ആകർഷിക്കാനുള്ള പദ്ധതികൾ. കൊറോണ സംഹാര താണ്ഡവമാടിയ കഴിഞ്ഞ ഒരു വർഷത്തിനിടെ ഗൾഫ് രാജ്യങ്ങൾ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ വിദഗ്ധരെ ആകർഷിക്കാനുള്ള പരിശ്രമങ്ങൾ കാണാം. പ്രഫഷനലുകൾക്കടക്കം ദീർഘകാല വീസ നൽകാനുള്ള യുഎഇ തീരുമാനം, ഇരട്ട പൗരത്വം, സൗദിയിലെ സ്പോൺസർഷിപ് പരിഷ്കരണം തുടങ്ങിയവയാണ് ഈ രംഗത്തെ പ്രധാന നീക്കങ്ങൾ. 

യുഎഇയുടെ ദീർഘകാല വീസയുടെ ചുവടുപിടിച്ച് അബുദാബി പ്രത്യേകമായി ആരംഭിച്ച ത്രൈവ് അബുദാബി പദ്ധതിയാണ് ഇത്തരം ശ്രമങ്ങളിൽ അവസാനത്തേത്. മികവ് പുലർത്തുന്ന ഹൈസ്കൂൾ വിദ്യാർഥികളടക്കം 5 വർഷ വീസയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ബിരുദധാരികൾക്ക് 10 വർഷ വീസയും നൽകും. വീസ ലഭിക്കുന്നവർക്ക് ആശ്രിത വീസ വഴി കുടുംബങ്ങളെയും യുഎഇയിൽ എത്തിക്കാനാകും. മികവ് പുലർത്തുന്നവരെ പഠനകാലത്തുതന്നെ യുഎഇയിലെത്തിക്കുകയും അവിടെ നിലനിർത്താനുമുള്ള ശ്രമങ്ങളാണ് ഈ പദ്ധതികളിലെല്ലാമുള്ളത്. 

രാജ്യാന്തര ശാസ്ത്ര ജേണലുകഴിൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചവർ, എപിഡെമിയോളജി, ബിഗ് ഡേറ്റ, ജനറ്റിക് എൻജിനീയറിങ് തുടങ്ങിയവയിൽ ഉന്നത ബിരുദമുള്ളവർ തുടങ്ങിയവർക്കും 10 വർഷ വീസ ലഭിക്കും. കലാ സാംസ്കാരിക പ്രവർത്തകർക്കും 10 വർഷ വീസ നൽകാൻ പദ്ധതിയിൽ വകുപ്പുണ്ട്. എല്ലാത്തിന്റെയും ലക്ഷ്യം വിദഗ്ധരെ ആകർഷിക്കൽ തന്നെ.

ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധിയും സ്വദേശിവൽക്കരണ നീക്കങ്ങളും സാധാരണക്കാരായ പ്രവാസികളെ ബാധിക്കുമ്പോഴും,  വൈദഗ്ധ്യമുള്ളവർക്ക് ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ സാധ്യതകൾ പുതിയകാലത്തും കുറയില്ലെന്നാണ് പ്രതീക്ഷിക്കേണ്ടത്.

MORE IN GULF
SHOW MORE
Loading...
Loading...