ദുബായിൽ ജനപ്രിയമായി മെട്രോ

dubai-metro
SHARE

ദുബായുടെ ഗതാഗത മേഖലയിൽ വൻ വികസനം കൊണ്ടുവന്ന മെട്രോയ്ക്ക് പ്രിയം അനുദിനം ഏറുന്നു. മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 20 ശതമാനം വര്‍ധനയെന്നു ആര്‍ടിഎ   അധികൃതര്‍. സര്‍വീസ് ജനകീയമായ സാഹചര്യത്തില്‍ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ മെട്രോ  സര്‍വീസിനു ഇറക്കും.  

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ അതിവേഗത്തിലാണ് മെട്രോ ജനകീയയാത്രാവാഹനമായി മാറിയത്.   2009 ല്‍ ആരംഭിച്ച ദുബായ് മെട്രോ ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ ദൈനംദിന യാത്രയുടെ ഭാഗമായി മാറിയതായി മെട്രോ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ്‌ അല്‍മിദറബ് പറഞ്ഞു.

കൂടുതല്‍ സൗകര്യങ്ങളോടെ സര്‍വീസ് തുടരാന്‍ യാത്രക്കാരില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ട്. മെട്രോ മാത്രമല്ല, മറ്റു പൊതുഗതാഗത സംവിധാനങ്ങളിലും കാലോചിതമായ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടതായി അദ്ദേഹം സൂചിപ്പിച്ചു.

 പ്രതിവര്‍ഷം  20 കോടി പേര്‍ യാത്രചെയ്യുന്ന ദുബായ് മെട്രോയെ സംബന്ധിച്ച് ജനങ്ങളില്‍ നിന്നും നാല് പരാതികള്‍ മാത്രമാണ് ലഭിച്ചത്. പ്രവേശന കവാടങ്ങളുടെയും  പരിശോധനാ ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടണമെന്ന് മെട്രോ യാത്രക്കാര്‍ ആവശ്യപ്പെട്ടതായി മുഹമ്മദ്‌ പറഞ്ഞു.

മെട്രോ സ്റ്റേഷനുകളില്‍ പ്രാര്‍ഥനാമുറി വേണമെന്ന ആവശ്യം ആളുകള്‍ ഉന്നയിച്ചിട്ടുണ്ട്. എമിറേറ്റിലെ സജീവമേഖലകളില്‍ പള്ളികള്‍ ഉള്ളത് കൊണ്ടും  വ്യാപരസമുച്ചയങ്ങളോട്  അനുബന്ധിച്ച് പ്രാര്‍ഥനാമുറികള്‍ സജ്ജീകരിച്ചതിനാലുമാണ് മെട്രോ സ്റ്റേഷനുകളില്‍ പ്രത്യേകം പ്രാര്‍ഥനാമുറികള്‍ ഒരുക്കാത്തതെന്നു മുഹമ്മദ്‌ സൂചിപ്പിച്ചു. കുറഞ്ഞ ദൂരപരിധിക്കുള്ളില്‍ പള്ളികള്‍ ദുബായില്‍ ഉണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ മേട്രോകള്‍ വരും

പ്രതിവര്‍ഷം 20 ശതമാനമാണ് മെട്രോ യാത്രക്കരിലെ വര്‍ധന. ഇക്കാര്യം പരിഗണിച്ചു കൂടുതല്‍ മെട്രോ സര്‍വീസിനു സജ്ജമാകുന്നുണ്ട്. അധിക യാത്രക്കാരെ ഉള്‍ക്കൊണ്ടു സര്‍വീസ് ത്വരിതപ്പെടുത്താന്‍ ഭാവിയില്‍  50 അധിക മെട്രോ സര്‍വീസിനുണ്ടാകും. യാത്രക്കാരുടെ തിരക്ക് രാവിലെയും വൈകുന്നേരവുമാണെന്ന്    അധികൃതര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് സ്റ്റേഷനുകളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ നിലവിലുള്ള സ്റ്റേഷനുകള്‍ നവീകരിക്കുമെന്നും മുഹമ്മദ്‌ വെളിപ്പെടുത്തി.

കൂടുതല്‍ പരിശോധനാ ഉദ്യോഗസ്ഥരെ നിയമിച്ചു യാത്ര കൂടുതല്‍ സുഖകരമാക്കണമെന്നും  ആളുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കുള്ള സമയങ്ങളില്‍ മെട്രോയില്‍ കയറുന്നതിനുള്ള ക്യൂ പാലിക്കാന്‍ ചിലര്‍ തയ്യാറല്ല. തിക്കിയുംതിരക്കിയുമാണ് ചിലര്‍ ഇരിപ്പിടം തരപ്പെടുത്തുന്നത്. ഇതു നിയന്ത്രിച്ചു യാത്ര സുഗമമാക്കുവാന്‍ കുടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണം എന്നാണ് ആവശ്യം. കൈവശമുള്ള ടിക്കറ്റിനു അനുസരിച്ച് യാത്രചെയ്യാനും ചിലര്‍ സന്നദ്ധരല്ല. സില്‍വര്‍കാര്‍ഡ് കൈവശം വച്ച് ഗോള്‍ഡന്‍ കാര്‍ഡു  യാത്രക്കാരുടെ  ഇരിപ്പിടങ്ങള്‍ കയ്യേറി യാത്ര ചെയ്യുന്നവരുമുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ പിടികൂടാനും നിരീക്ഷണ ഉദ്യോഗസ്ഥര്‍ വേണമെന്ന് യാത്രക്കാരുടെ നിര്‍ദേശങ്ങളില്‍ ഉണ്ട്.

കാര്‍ഡ് റീഡ് ചെയ്തു പ്രവേശിക്കാനുള്ള കൌണ്ടറുകളുടെ കുറവാണ് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടിയത്. തിരക്കുള്ള സമയങ്ങളില്‍ നിശ്ചിത സമയത്ത് ജോലി സ്ഥലത്ത് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. കൂടുതല്‍ കൌണ്ടറുകള്‍ ഒരുക്കുന്നതിലൂടെ യാത്രക്കാരുടെ ഈ പ്രശ്നത്തിനു പരിഹാരം ആകുമെന്നും യാത്രക്കാര്‍ അറിയിച്ചതായി മുഹമ്മദ്‌ വെളിപ്പെടുത്തി.

MORE IN GULF
SHOW MORE