സുസ്ഥിരവികസനം ലക്ഷ്യം; റീട്ടെയിൽ മേഖലയിൽ വമ്പൻ പദ്ധതികളുമായി ഷാർജ

sharjah-retail
SHARE

ഷാർജ: സുസ്ഥിരമായ വികസന സങ്കൽപങ്ങൾക്ക് ആക്കം കൂട്ടുന്ന പുതിയ പദ്ധതികളുമായി ഷാർജ. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഷുറൂഖ്‌) നേതൃത്വത്തിൽ,  കുവൈത്ത് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മബാനിയുമായി ചേർന്ന് മുഗൈദർ പ്രദേശത്താണ് പുതിയ പദ്ധതി ഒരുക്കുന്നത്. അൽ ഖസ്ബയിൽ നടന്ന ചടങ്ങിൽ ഷുറൂഖ്‌ ചെയർപേഴ്സൺ ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയും മബാനീ ബോർഡ് ചെയർമാൻ മുഹമ്മദ് അബ്ദുൽ അസീസ് അൽശായയും ഇത് സംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പു വച്ചു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്നുള്ള പ്രദേശത്തു 65,000 ചതുരശ്ര മീറ്ററിൽ ഒരുങ്ങുന്ന വികസന പദ്ധതി ടൂറിസം - റീട്ടെയിൽ മേഖലകളിൽ പുത്തനുണർവ്വ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎഇ നിവാസികൾക്കും സന്ദർശകർക്കും ഒരേപോലെ ആസ്വദിക്കാവുന്ന തരത്തിൽ ലോകോത്തര ബ്രാൻഡുകൾ അണിനിരക്കുന്ന റീട്ടെയിൽ കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, കോഫീ ഷോപ്പുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ ഇവിടെയൊരുക്കും. വിനോദസഞ്ചാര മേഖലക്ക് പുതിയ സാധ്യത പകരുന്നതോടൊപ്പം നിക്ഷേപകർക്കും പുതിയ പദ്ധതി വാതിൽ തുറന്നിടുന്നുണ്ട്. മാബനീയുടെ നേതൃത്വത്തിലാവും പ്രവർത്തനം.

''ഷാർജയുടെ നിക്ഷേപ സാധ്യതകൾ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുകയാണ് ലക്‌ഷ്യമെന്ന് ഷുറൂഖ്‌ ചെയർപേഴ്സൺ ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഇതുപോലെയുള്ള നിർണായക കൂട്ടുകെട്ടുകൾ ഇത്തരം ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നു. ഷാർജയുടെ സുസ്ഥിര വികസന കാഴ്ചപ്പാടുകളോട് ചേർന്ന് നിൽക്കുന്ന പുതിയ പദ്ധതിയിൽ മബാനീ പോലുള്ള പരിചയ സമ്പന്നരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്'.  യുഎഇയിലെ നിക്ഷേപ സൗഹൃദകേന്ദ്രമായ ഷാർജയിലെ പദ്ധതി വളർച്ചയിലേക്കുള്ള വലിയൊരു കാൽവെപ്പാകുമെന്നാണ് കരുതുന്നതെന്ന് മബാനീ ബോർഡ് ചെയർമാൻ മുഹമ്മദ് അബ്ദുൽ അസീസ് അൽഷായ പറഞ്ഞു.

കുവൈത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് മബാനീ. അവന്യു റിയാദ്, അവന്യു അൽ ഖോബാർ, അവന്യു കുവൈറ്റ് തുടങ്ങിയ ലോകോത്തര പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്ന മബാനിയുടെ ഷാർജയിലെ പദ്ധതി യുഎഇയിലെ റീട്ടെയിൽ നിക്ഷേപ രംഗത്തെ തന്നെ ഏറ്റവും നിർണായകമായ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. 

MORE IN GULF
SHOW MORE