പ്രവാസം മതിയാക്കി മുഹിയുദ്ദീൻ; ചേർത്തുപിടിച്ച് അബുദാബി കിരീടാവകാശി

muhaiddin
SHARE

മലയാളിയെ മാറോട് ചേര്‍ത്ത്   അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അല്‍നഹ്യാൻ. കാര്യാലയത്തിൽ നാല് പതിറ്റാണ്ടു ജോലിചെയ്ത മുഹിയുദ്ദീനാണു അതിഥികൾക്കിടയിലെ മിന്നും താരമായത്.

യു എ ഇ  പ്രവാസികളെ എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ ഉദാത്തമായ ഉദാഹരണമായിരുന്നു അബുദാബി 'കടൽകൊട്ടാര' മജ്ലിസിലെ യാത്രായപ്പ്  ചടങ്ങ്. കുടുംബത്തെ പോറ്റാൻ 40 വർഷം  മുൻപ് കടൽകടന്നെത്തിയ മുഹിയുദ്ദീനെ  ഭരാണാധികാരിയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നു ആദരിച്ചു. പ്രവാസം അവസാനിപ്പിച്ചു യാത്രയാകുന്ന അദ്ദേഹത്തിനുള്ള യാത്രയയപ്പ് രാജകീയമായിരുന്നു. 

moideen

ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് മുഹിയിദ്ദീനെ ആദ്യം ആശ്ലേഷിച്ചു. കയ്യടിച്ചു സ്വീകരിച്ചു കൂടെ നിര്‍ത്തി. സുഖവിവരങ്ങൾ അന്വേഷിച്ചു. പിന്നെ എല്ലാവരും ചേർന്ന്  അദ്ദേഹത്തെ കൂടെ നിർത്തി പടം പിടിച്ചു. ' യു എ ഇ താങ്കളുടെ  രണ്ടാം വീടായിരിക്കും. ഏതു സമയത്തും സ്വാഗതം ' . സേവനം അവസാനിപ്പിച്ചു  കേരളത്തിലേക്ക് പോകുന്ന അദ്ദേഹത്തോട് ഭരണാധികാരി നൽകിയ വാഗ്ദാനമാണിത്. ഒരു പ്രവാസിക്ക് ലഭിക്കുന്ന ഉന്നത പുരസ്കാരം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ കരംപിടിച്ചു കിട്ടിയ പ്രശംസാവാക്കുകൾ ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്നു മൊയ്‌തീൻ മാധ്യമങ്ങളോട് പറഞ്ഞു.

1977 ലാണ് കണ്ണൂരിൽ നിന്നും മൊയ്‌തീൻ എന്ന അറബികളുടെ മുഹ്‌യുദ്ദീൻ  യു എ ഇ യിൽ എത്തിയത്. അന്നുമുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ റൂളേഴ്സ് കോർട്ടില്‍  മാധ്യമ വിഭാഗത്തിലായിരുന്നു ജോലി. സഹജീവനക്കാരിൽ നിന്നും ലഭിച്ച സഹകരണത്തിനും സഹായത്തിനും മുഹിയുദ്ദീന്‍ നന്ദി പ്രകാശിപ്പിച്ചു.  

നാല് പെൺമക്കളും ഒരു ആൺകുട്ടിയുമാണ്  മുഹിയുദ്ദീനുള്ളത്. എല്ലാ ഗള്‍ഫ്‌ കാരെയും പോലെ പ്രവാസ ജീവിത  കാലയളവില്‍ ഒരു വീടെന്ന സ്വപ്നം  സഫലീകരിച്ചു. എല്ലാ മക്കൾക്കും മികച്ച വിദ്യാഭ്യാസം നൽകി. മൂന്നു പെൺമക്കളെയും കെട്ടിച്ചയച്ചു. ഏക മകൻ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. യു എ ഇ യിൽ നിന്നും തൊഴിൽ കാലത്തു ലഭിച്ച സ്‌നേഹവും ആദരവും അമൂല്യമാണെന്നും  അദ്ദേഹം പറയുന്നു.  ഒരു മലയാളിക്ക് മറുനാട്ടില്‍ ലഭിച്ച പുതുമയുള്ള യാത്രയയപ്പ് ദൃശ്യങ്ങള്‍ ഇപ്പോള്‍  അറബ് സമൂഹത്തിനിടയിലും വൈറലാണ്.

MORE IN GULF
SHOW MORE