ദുബായിൽ വാഹനാപകട ദൃശ്യം പകർത്തിയാൽ നിയമത്തിന്റെ പിടിവീഴും

dubai-rule
SHARE

ഉദ്ദേശ്യം നല്ലതാണെങ്കിലും വാഹനാപകട ദൃശ്യങ്ങൾ പകർത്തിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നു ദുബായ് പൊലീസിൻറെ  മുന്നറിയിപ്പ്. അന്യരുടെ ചിത്രവും ചലനവും അവർ അറിയാതെ പകർത്താൻ നിയമം അനുവദിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

യുഎഇയില്‍ വാഹനാപകടങ്ങളുടെയും ഇതര  ദുരന്തങ്ങളുടെയും  ദൃശ്യങ്ങൾ പകർത്താനും പ്രചരിപ്പിക്കാനും അനുവാദം നൽകിയ ഔദ്യോഗിക കേന്ദ്രങ്ങളുണ്ട്. അവർക്കുമാത്രമാണ് ചിത്രങ്ങളും ചലനങ്ങളും പ്രസിദ്ധപ്പെടുത്താൻ അനുമതിയുള്ളത്. മുന്നില്‍ കാണുന്ന ദൃശ്യങ്ങൾ എല്ലാം പകർത്തി സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് ദുബായ് പൊലീസ്  നിയമ നടപടികളെ സംബന്ധിച്ച് പൊതുജനങ്ങളെ വീണ്ടും ഓർമിപ്പിച്ചത്.ലക്‌ഷ്യം  നല്ലതായിരുന്നൂവെന്നത് നിയമലംഘനത്തിനുള്ള ശിക്ഷയിൽ നിന്നും ആരെയും ഒഴിവാക്കുകയില്ല. സമൂഹമാധ്യമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വീഡിയോകളുടെ ഉറവിടം കണ്ടെത്താൻ ദുബായ് പൊലീസിനു കീഴിൽ അത്യാധുക സംവിധാനങ്ങളുണ്ട്. അതുവഴി നിയമലംഘകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ദുബായ് പൊലീസ് സി ഐ ഡി തലവൻ മേജർ ഖലീൽ ഇബ്രാഹിം അൽമൻസൂരി അറിയിച്ചു.

അജ്മാനിൽ രണ്ടു സ്വദേശി യുവാക്കളെ  വാഹമിടിച്ചു കൊലപ്പെടുത്തിയ ദൃശ്യങ്ങൾ ഒരു ഗൾഫ് പൗരൻ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചതിന്റെ  പശ്ചാത്തലത്തിലാണ് ഇത്തരം കൃത്യങ്ങളുടെ ഗൗരവം പൊതുസമൂഹത്തെ പൊലീസ് ഓർമപ്പെടുത്തുന്നത്. ഈ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട പ്രതിക്കെതിരെ ട്രാഫിക് നിയമലംഘനത്തിന് പുറമെ അന്യരുടെ സ്വാകാര്യതിയിലേക്കുള്ള കടന്നുകയറ്റത്തിനും സാങ്കേതിക സൗകര്യങ്ങളുടെ ദുരുപയോഗത്തിനുമുള്ള വകുപ്പുകളും കൂടി   ചുമത്തിയിരുന്നു.പൊതുവഴിയിൽ വച്ച് ഡ്രൈവറെ കയ്യേറ്റം ചെയ്ത വ്യക്തിയെ ശിക്ഷിച്ച നിയമം, ആ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച ആളെയും പിടികൂടി. ഡ്രൈവറുടെ കുടുംബമാണ് നവമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു മാനഹാനിയുണ്ടാക്കിയ ആൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതെന്നും മേജർ ഖലീൽ സൂചിപ്പിച്ചു.

അപകടങ്ങളോ ദുരന്തങ്ങളോ സംഭവിക്കുമ്പോൾ മുൻപിൻ ആലോചിക്കാതെ ദൃശ്യങ്ങൾ പകർത്തി   പ്രചരിപ്പിക്കുന്നതു ചിലരുടെ വിനോദമാണ്. വീണ്ടുവിചാരമില്ലാത്ത ഇവരുടെ  പെരുമാറ്റങ്ങള്‍  മൂലം ആർക്കെങ്കിലും അഭിമാനക്ഷതം സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടൻ പൊലീസിൽ  പരാതിപ്പെടണം. നിയമവശങ്ങൾ ഓർക്കാതെ ജനങ്ങളുടെ സ്വകാര്യതകൾ പരസ്യപ്പെടുത്തിയ ഒട്ടേറെ ആളുകൾക്കെതിരെ മുൻകാലങ്ങളിൽ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ആഡംബര കാർ അനധികൃതമായി പാർക്ക് ചെയ്ത വ്യവസായിക്കെതിരെ കേസെടുത്ത പൊലീസ് അതു പകർത്തി പ്രചരിപിപ്പിച്ച ആളെയും പിടികൂടി.  ഒരു പെട്രോൾ സ്റ്റേഷനിൽ വച്ച് മദ്യപിച്ചു മദോന്മത്തരായ നാല് സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റം പകർത്തിയ നാല് യുവാക്കളും നിയമനടപടിക്ക് വിധേയരായിരുന്നു. പല കേസുകളും നിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്തത്.  വിവരങ്ങൾ സത്യസന്ധമാണെങ്കിലും അന്യരുടെ വിവരങ്ങൾ സൂക്ഷിക്കുന്നത് ഐ ടി നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്നും മേജർ അൽ മൻസൂരി അറിയിച്ചു.

സാധാരണ സംഭവങ്ങൾ ആയാലും  കുറ്റകൃത്യങ്ങളായാലും പൊലീസിൽ വിവരമറിയിക്കുകയാണ് ദൃക്‌സാക്ഷികൾ ചെയ്യേണ്ടത്. അതിനു മുതിരാതെ ദൃശ്യങ്ങൾ പകർത്തിയെടുക്കുന്നതു രാജ്യത്തെ സൈബർ നിയമലംഘനമാണ്. പൊതുജനങ്ങളുമായി സഹകരിച്ചാണ് കുറ്റക്കാർക്കെതിരെ പൊലീസ്  നടപടികള്‍  സ്വീകരിക്കുന്നത്. അതിനു വേണ്ടി നിരവധി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊലീസ് സ്മാർട്ട് സംവിധാനങ്ങൾ മുഖേന പരാതികൾ പൊലീസിന് തത്സമയം കൈമാറാം. എന്നാൽ നിയമം ലംഘിച്ച വാഹനത്തിന്റെ പടം പകർത്തി സോഷ്യൽ മീഡിയകളിൽ പ്രസിദ്ധപെടുത്തുന്നത് അംഗീകരിക്കില്ലെന്നും മേജർ ഖലീൽ വ്യക്തമാക്കി.

MORE IN GULF
SHOW MORE