പ്രിയതമനെ കാണാൻ മറിയംബിക്കായില്ല, എങ്കിലും മരുമകളെ ഒമാൻ സ്വീകരിച്ചു

mariyambi
SHARE

മസ്‌കത്ത്: നാല് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പ്. ഒടുവില്‍ മരുഭൂമണ്ണില്‍ മസ്‌കത്തിന്റെ മലയാളി മണവാട്ടി മറിയംബിയും ഭര്‍തൃ കുടുംബവുമായുള്ള സമാഗമം. വെള്ളിയാഴ്ച ഒമാനിലെ നിസ്‌വയില്‍ അരങ്ങേറിയത് വൈകാരികതകളും ആകസ്മികതകളും സംഗമിച്ച ചരിത്ര മുഹൂര്‍ത്തം. കണ്‍നിറയെ കണ്ട് കണ്ണു നിറഞ്ഞ് അവര്‍ പരസ്പരം സന്തോഷവും ആഹ്ലാദവും പങ്കുവെച്ചു. സാമൂഹിക മാധ്യമവും സാമൂഹിക പ്രവര്‍ത്തകരും ഒരുക്കിയ പുതിയൊരു നന്‍മയായി ഈ കൂടിച്ചേരല്‍ മാറി. 

38 വര്‍ഷം മുമ്പാണ് കോഴിക്കോട്ട് ചരക്കുമായി കച്ചവടത്തിനെത്തിയിരുന്ന അബ്ദുല്ല സാലം ഹസന്‍ അല്‍ അബ്രി കോഴിക്കോട്ടുകാരി മറിയംബിയെ മിന്നു ചാര്‍ത്തുന്നത്. ബഹ്‌റൈനില്‍ നിന്ന് വരുന്ന കപ്പലിലെ ജീവനക്കാരനായിരുന്ന അബ്ദുല്ല സാലമിന്റെ മണവാട്ടിയാകുമ്പോള്‍ മറിയംബിയുടെ പ്രായം അപ്പോള്‍ 12. ബേപ്പൂര്‍ ബീച്ചിലെ പാണ്ട്യാലയിലെ കളിക്കൂട്ടുകാരി മറിയംബിയെ ജീവിത സഖിയാക്കി അബ്ദുല്ല സാലം അഞ്ച് ദിവസം മാത്രമാണ് ഇവിടെ കഴിഞ്ഞിരുന്നത്. 

പാകിസ്ഥാനില്‍ നിന്ന് ചരക്കെടുത്ത് കോഴിക്കോട്ടുവന്നു കച്ചവടം നടത്തുന്ന ബഹ്‌റൈന്‍ കപ്പലിലെ ജീവനക്കാരനായിരുന്നു അബ്ദുല്ല സാലം. കോഴിക്കോട് അക്കാലയളവില്‍ അറബിക്കല്യാണങ്ങള്‍ പതിവായിരുന്നു. മറിയംബിയുടെ കുടുംബത്തില്‍ തന്നെ ഇത്തരത്തില്‍ അറബികളുടെ ജീവിതത്തിലേക്ക് കടന്നുചെന്നവര്‍ നിരവധിയായിരുന്നു. 14 വര്‍ഷമായി തുടര്‍ച്ചയായി അദ്ദേഹം ബേപ്പൂര്‍ തുറമുഖത്ത് എത്തിയിരുന്ന അബ്ദുല്ല സാലം സ്വഭാവ മഹിമ കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുകൊണ്ടെല്ലാം തന്നെ അബ്ദുല്ല സാലമിന്റെ വിവാഹാലോചനയെ കുറിച്ച് മറിയംബിയുടെ ഉമ്മക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 

ഇനി കഥ കടലിനക്കരെ

വിവാഹ ശേഷം വീണ്ടും ബഹ്‌റൈനിലേക്ക് തിരിച്ച അബ്ദുല്ല സാലം ഒരു വര്‍ഷത്തിന് ശേഷം ചരക്ക് കപ്പലുമായി വീണ്ടും മണവാട്ടിയുടെ നാട്ടില്‍ നങ്കൂരമിട്ടു. ഇതിനിടെ മറിയംബിയുടെയും അബ്ദുല്ല സാലമിന്റെയും ആദ്യ കുഞ്ഞ് പിറന്നിരുന്നു. അബ്ദുല്ല സാലം തന്നെയാണ് കുഞ്ഞിന് ജമീല അബ്ദുല്ല സാലം എന്ന് പേരിട്ടത്. ചരക്ക് കച്ചവടം ചെയ്ത് തീരുന്നത് വരെ കോഴിക്കോട് കഴിഞ്ഞിരുന്ന അബ്ദുല്ല സാലം വീണ്ടും ചരക്ക് ശേഖരിക്കാന്‍ മടങ്ങി. 

വിവാഹത്തിന് ശേഷം മൂന്ന് തണവ അബ്ദുല്ല സാലം വരികയും പോവുകയും ചെയ്തു. ഇതിനിടെ രണ്ടാമത്തെ കുഞ്ഞും പിറന്നു. സാല്‍മിയ അബ്ദുല്ല സാലം എന്ന അബ്ദുല്ല സാലം തന്നെയാണ് പേരിട്ടത്. ഇതിനിടെ കപ്പല്‍ ഉടമയില്‍ നിന്നും പിരിഞ്ഞ് അബ്ദുല്ല സാലം ഹസന്‍ അല്‍ അബ്രി ഒമാനിലേക്ക് തിരിച്ചു. കോഴിക്കോട് കൊടുവള്ളി, നാദാപുരം സ്വദേശികളായ ബഹ്‌ലയില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ വഴി പിന്നീട് കത്തും പണവും എത്തിച്ചുനല്‍കി. കത്തുകളിലൂടെ ഇരുവരും ബന്ധം നിലനിര്‍ത്തിയെങ്കിലും കാലങ്ങള്‍ക്ക് ശേഷം അബ്ദുല്ല സാലമില്‍ നിന്നുള്ള കത്തുകള്‍ നിലക്കുകയായിരുന്നു.

പ്രിയപ്പെട്ടവനെക്കാത്ത് മരുഭൂമിയില്‍ 

രണ്ട് പെണ്‍കുട്ടികളുടെ ജീവിതവും പഠനവും ഉള്‍പ്പടെയുള്ള ചെലവുകള്‍ ഭാരമായതോടെ മക്കളെ ഉമ്മയുടെ അരികില്‍ താമസിപ്പിച്ച് മറിയംബി അബുദാബിയിലേക്ക് വിമാനം കയറി. മാരനെ ഒരു നാള്‍ കാണാനാകുമെന്ന് കരുതി തള്ളിനീക്കിയ ജീവിതം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒമാനിലേക്ക് വീട്ടുജോലിക്ക് അവസരം ലഭിക്കുന്നത്. കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ വഴി ബഹ്‌ലയില്‍ തന്നെ ഒരു വീട്ടില്‍ ജോലിക്കെത്തിയ മറിയംബി ഓരോ ദിവസും അബ്ദുല്ല സാലമിലേക്ക് എത്തിക്കണമേയെന്ന പ്രാര്‍ഥനയില്‍ കഴിഞ്ഞുകൂടി. 

ഇതിനിടെയാണ് തന്റെ സ്‌പോണ്‍സറുടെ ഭാര്യ മറിയംബിയുടെ കഥ കേള്‍ക്കുന്നതും ഒമാന്റെ മരുമകളാണ് തന്റെ വീട്ടില്‍ ജോലിക്ക് നില്‍കുന്നതെന്ന് അറിയുന്നതും. സ്‌പോണ്‍സറും ഭാര്യയും നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് നഗരസഭാ ജീവനക്കാരനായി ജീവിതം കഴിച്ചുകൂട്ടുന്ന അബ്ദുല്ല സാലമിനെ കണ്ടെത്തുന്നത്. എന്നാല്‍, കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴായിരുന്നു അബ്ദുല്ല സാലം മറ്റൊരു വിവാഹം കഴിച്ചതായും കുടുംബ സമേതം നിസ്‌വ ബഹ്‌ലയില്‍ ജീവിക്കുന്നതായും അറിയുന്നത്. ഈ കുടംബത്തെ നേരില്‍ കാണാന്‍ മറിയംബിക്ക് അവസരം ലഭിക്കുകയും ചെയ്തതോടെ മനം നിറയെ നിരാശയുമായി മറിയംബി തിരികെ വിമാനം കയറി. 

പിന്നീട് സംഭവിച്ചത്..

മറിയംബി പിന്നീട് യുഎഇയില്‍ വീണ്ടും വീട്ടുജോലിക്കെത്തുകയും ചെയ്തു. ഇതിനിടെ രണ്ട് പെണ്‍കുട്ടികളുടെയും വിവാഹം നടത്തി. വീട്ടുജോലി ചെയ്ത് യു എ ഇയില്‍ തന്നെ മറിയംബി തുടരുന്നതിനിടെയാണ് മൂത്ത മകള്‍ ജമീലയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഇവരും പിന്നീട് യു എ ഇയില്‍ ഉമ്മക്കൊപ്പം താമസം ആരംഭിച്ചു. ഇതിനിടെയാണ് ജമീല ജോലിക്കിടെ പരിചയപ്പെട്ട ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് വയനാടിനോട് തന്റെ വിഷയങ്ങള്‍ പങ്കുവെക്കുന്നത്. റഷീദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിഷയം പങ്കുവെച്ചു. 

ഒമാനിലെ സാമൂഹിക പ്രവര്‍ത്തകരായ പിടിഎ റഷീദ് സഹം, യൂസുഫ് ചേറ്റുവ, റാഹില്‍, ഗഫ്ഫാര്‍, റഫീഖ് ശ്രീകണ്ഡപുരം തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെടുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, തന്റെ കോഴിക്കോട്ടുകാരി ഭാര്യയെയും മക്കളെയും സ്വീകരിക്കാന്‍ ഒമാനി ഭര്‍ത്താവ് അബ്ദുല്ല സാലം ഹസന്‍ അല്‍ അബ്രി ജീവിച്ചിരിപ്പില്ല. ഏഴ് വര്‍ഷം മുമ്പ് ഇവര്‍ മരണപ്പെട്ടിരുന്നു. സഹോദരങ്ങളെയും ഉപ്പയുടെ ആദ്യ ഭാര്യയെയും അബ്ദുല്ല സാലമിന്റെ വിധവയും കുട്ടികളും സ്വീകരിച്ചു. വൈകാരിക നിമിഷങ്ങള്‍ക്കാണ് ഇവിടെ വേദിയായത്.

MORE IN GULF
SHOW MORE