പുതുവർഷത്തിൽ വിനോദ സഞ്ചാരികളെത്തുക ദുബായുടെ ഇൗ വിസ്മയത്തിലേയ്ക്ക്

dubai-birwas
SHARE

ദുബായ്: ശില്പഭംഗിയുടെ മാസ്മര മരുഭൂമിയായ്  ദുബായ് എമിറേറ്റിനെ മാറ്റുന്ന  ‘ബിർവാസ്’ അണിഞ്ഞൊരുങ്ങുന്നു. പുതുവർഷത്തിൽ വിനോദ സഞ്ചാരികളും സന്ദർശകരും പ്രവഹിക്കുന്നത് ദുബായിൽ തല ഉയർത്തി നിൽക്കുന്ന ഈ മനോഹര സ്തൂപം കാണാനും കയറാനും ആയിരിക്കും.

ലോകത്തിലെ ഏറ്റവും വലിയ സമുച്ചയം ലോകത്തിനു മുന്നിൽ സമര്‍പ്പിച്ച ദുബായ്, കെട്ടിട നിർമാണത്തിലെ പുതിയ വിസ്മയം തീർക്കുകയാണ് ദുബായ് ഫ്രെയിമിലൂടെ ചെയ്യുന്നത്. എമിറേറ്റിന്റെ പഴയ പ്രതാപവും പുത്തന്‍  പ്രൗഢിയും ഒരു  കൂറ്റൻ കെട്ടിട 'ചട്ട'ക്കൂട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഓരോ സന്ദർശകർക്കും വടക്കു ഭാഗത്ത് ദുബായിയുടെ പഴയ കാലം  കാണാം. ക്രീക്കും കടലും യാനങ്ങളും പഴയ കെട്ടിടങ്ങളും പരമ്പരാഗത തെരുവും ആകാശത്ത് നിന്നു ആസ്വദിക്കാം. മറുവശത്ത് ആധുനിക ദുബായിയുടെ കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളുടെ  സൗന്ദര്യമാണ് ദൃശ്യവിരുന്നാവുക. ദുബായ് നഗരകാഴ്‌ചയുടെ ഇതുവരെയുള്ള ചിത്രം തന്നെ മാറുന്ന ആകാശ സഞ്ചാരവും സൗന്ദര്യ കാഴ്ചയുമാണ് ദുബായ് ബിർവാസ് പുതുവർഷം മുതൽ സമ്മാനിക്കുക. 

ദുബായ് സഅബിൽ പാർക്കിലാണ് 150 മീറ്റർ   ഉയരത്തിലും 93 മീറ്റർ വീതിയിലും  ഈ അതിശയ സ്തൂപം സ്ഥലം പിടിച്ചത്. മൊത്തം   7,145 ചതുരശ്ര മീറ്ററിലാണ് മിനുക്ക്‌ പണിയിലുള്ള ദുബായ് ഫ്രെയിം. ഇതിൽ കയറുന്ന ഒരാൾ ദുബായ് മുഴുവൻ   കണ്ടിരിക്കും. എമിറേറ്റിന്റെ പൂർവകാലവും വർത്തമാന കാലവും സമ്മിശ്രമായി കാണാനാണു സന്ദര്‍ശകര്‍ക്ക്  അവസരം ഒരുക്കുന്നത്. മേഘങ്ങൾക്ക് നടുവിലിരുന്നു നാടുകാണുന്ന അനുഭവം സന്ദർശകർക്ക് നവ്യാനുഭവമായിരിക്കും. ആകാശത്തൊരു പാലമിട്ടു അതില്‍ നിന്നു ദൂരക്കാഴ്ചകള്‍ കാണുന്നത് ഒരു മായാസ്വപ്നമാണെങ്കില്‍  ദുബായില്‍  അടുത്ത മാസം മുതല്‍ അതു ആളുകള്‍ക്ക് അനുഭവവേദ്യമാകും.   

ലോകപ്രസിദ്ധ ആർക്കിറ്റെക് ഫെർണാൻഡോ അഡോണിസാണ് വിസ്മയ കെട്ടിടം മാതൃക ചെയ്തത്. ടവറുകളുടെ നാടായ ദുബായില്‍  നാല് ടവറുകള്‍ മനോഹരമായി ഘടിപ്പിച്ചപോലെയാണ് ദുബായ് ബിർവാസ് നിൽക്കുന്നത്. 16 കോടി ദിർഹം ചെലവിട്ടാണ് ഇതിനായി ചെലവിട്ടുകഴിഞ്ഞു.  എമിറേറ്റിന്റെ പുതിയ വിനോദ സഞ്ചാര കേന്ദ്രമായി സഅബീൽ പാർക്ക് മാറാൻ ഇനി  നാളുകൾ അധികം കാത്തിരിക്കേണ്ടി വരില്ല.

പകൽ സ്വർണ നിറത്തിലാണ് ദുബായ് ഫ്രെയിം തിളങ്ങുന്നതെങ്കില്‍  രാവിൽ അതിനു നിറം മാറ്റം വരും. യു എ ഇ ദേശീയ ദിനത്തോട് അനുബന്ധിച്ചു കെട്ടിടത്തില്‍  നാല് നിറങ്ങള്‍ നര്‍ത്തനമാടുന്നുണ്ട്. ഈ കിടിലന്‍ ഫ്രേം പശ്ചാത്തലമാക്കി പടം പിടിക്കുന്നവരുടെ തിരക്ക് തൊട്ടടുത്ത  മേല്‍ പാലത്തിലേക്ക് നോക്കിയാൽ  കാണാനാകും.

പുറത്ത് നിന്നു കാണുന്നതിലേറെ കൗതുകങ്ങളാണ് കെട്ടിടത്തിനുള്ളിൽ സന്ദർശകരെ കാത്തിരിക്കുന്നതെന്നു  അധികൃതർ പറയുന്നു. പഴയതും പുതിയതുമായ ദുബായിയുടെ മുദ്രകള്‍ ഹൃദയത്തില്‍ പതിയുക മാത്രമല്ല ഭാവി ദുബായിയുടെ പുരോഗതിയുടെ പഥവും ദുബായ് ഫ്രേം കണ്ടിറങ്ങുന്നവര്‍ക്ക് ലഭിക്കും. അടുത്ത അര നൂറ്റാണ്ട് താണ്ടുന്ന ദുബായ് എപ്രകാരം ആയിരിക്കുമെന്നതിന്റെ നേര്‍ചിത്രവും കെട്ടിടത്തില്‍ഒരുക്കിയിട്ടുണ്ട്. ആസൂത്രണം ചെയ്തതെല്ലാം ആവിഷ്കരിച്ച ചരിത്രമാണ് ദുബായ് എമിറേറ്റിനുള്ളത്. അതുകൊണ്ട് തന്നെ  ദുബായ് പ്രവചിക്കുന്നത് പുലരുക തന്നെ ചെയ്യുമെന്ന്  വിശ്വസിക്കാന്‍ ലോകം ഇതിനകം സജ്ജമായിട്ടുണ്ട്.

MORE IN GULF
SHOW MORE