ആധാർ: പ്രവാസികൾക്ക് ഇനിയെന്തിന് ടെൻഷൻ

aadhaar6-12
SHARE

ജിദ്ദ: ആധാർ നമ്പർ ലഭിച്ചിട്ടില്ലെന്ന കാരണത്താൽ പിരിമുറുക്കത്തിൽ കഴിയുന്ന വിദേശങ്ങളിലെ ഇന്ത്യക്കാർക്ക് ആശ്വാസം പകർന്ന് ജിദ്ദയിലെ ഇന്ത്യൻ  കോൺസുലേറ്റിന്റെ വിശദീകരണം. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നാട്ടിലെ ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കപ്പെടും എന്ന റിസർവ് ബാങ്ക് അറിയിപ്പിന്റെ   അടിസ്ഥാനത്തിൽ ഇന്ത്യൻ പ്രവാസികൾ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ വിശദീകരണം.  

ജിദ്ദ കോൺസുലേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ആധാര്‍ കാർഡ് ഇല്ലെന്ന കാരണത്താൽ പ്രവാസികള്‍ക്ക് ഒരു സർക്കാർ സേവനവും   നിഷേധിക്കില്ല. ആധാർ കാർഡ് ലഭിക്കാൻ അർഹരല്ലാത്തവർ യാതൊരു സർക്കാർ സേവനത്തിനും അത്  നിബന്ധനയോ നിർബന്ധമോ ആക്കില്ലെന്ന് ആധാര്‍ അതോറിറ്റിയായ കേന്ദ്ര സർക്കാരിന്റെ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നവംബറിൽ ഗവൺമെന്റുകൾക്ക് ഇതുസംബന്ധിച്ച് നോട്ടീസ്   അയച്ചിരുന്ന കാര്യവും കോൺസുലേറ്റ്  പത്രക്കുറിപ്പ്  ചൂണ്ടിക്കാട്ടുന്നു.

2016 ലെ ആധാര്‍ നിയമപ്രകാരം പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ആധാറിന് അര്‍ഹരല്ല. ആധാര്‍ നിയമപ്രകാരം ആധാറിന് അര്‍ഹരായവരില്‍നിന്ന് മാത്രമേ വിവിധ സേവനങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെടാന്‍ പാടുള്ളൂ.  ആധാര്‍ നമ്പര്‍ ഇല്ലാത്തവരില്‍നിന്ന്  സബ്‌സിഡിക്കും സേവനങ്ങള്‍ക്കും മറ്റു തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാമെന്നും ആധാര്‍ നിയമത്തിലെ ഏഴാം വകുപ്പ് വ്യക്തമാക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നു. 

വരുമാന നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ വിവരങ്ങൾ പൂരിപ്പിക്കണമെന്ന നിബന്ധന എൻ ആർ ഐക്കാർക്ക് ബാധകമല്ലെന്ന് യൂണീക്  ഐഡന്റിറ്റി സൈറ്റിൽ സംശയദൂരീകരണമായി  ചേർത്തിട്ടുണ്ട്.

‌‌

MORE IN GULF
SHOW MORE