സൗദി ജ്വല്ലറികളിൽ സാവേശം സ്വദേശികൾ; ബിസിനസ് മങ്ങാതിരിക്കാനുള്ള ഒരുക്കങ്ങളോടെ വ്യാപാരികൾ

gold
SHARE

സൗദി അറേബ്യയിലെ സ്വർണാഭരണ ഷോപ്പുകളിൽ ജോലി ചെയ്തിരുന്ന  ആയിരക്കണക്കിന് വിദേശികൾക്ക് ഞായറാഴ്ച മുതൽ വിപണി തിളക്കം പോയ ലോഹമായി മാറി.ഞായറാഴ്ച ആരംഭിച്ച സൗദിയിലെ ജ്വല്ലറി സമ്പൂർണ സൗദിവൽക്കരണത്തിന്റെ  ആദ്യ ദിവസം തന്നെ വിദേശി തൊഴിലാളികൾ തീർത്തും ജ്വല്ലറി ഔട്‍ലറ്റുകളിൽ നിന്ന് അപ്രത്യക്ഷരായി. വിവിധ നഗരങ്ങളിലെ ധാരാളം കടകൾ അടഞ്ഞു കിടന്നു.  ഇന്നലെവരെ കടകളിൽ ജോലി ചെയ്തിരുന്ന വിദേശികൾ താമസസ്ഥലത്തു തന്നെ തങ്ങി. തൊഴിലുടമകൾ കടകളിലെ വിദേശി തൊഴിലാളികളോട് ദീർഘകാലത്തെ അവധിയിൽ പോകാനാണ് ഉപദേശിക്കുന്നത്. ഇതുപ്രകാരം, മലയാളികൾ ഉൾപ്പെടെയുള്ള ധാരാളം പേർ സ്വദേശങ്ങളിലേയ്ക്ക് പോകാനൊരുങ്ങുകയാണ്. അതിനിടെ, സ്വദേശത്തും ഗൾഫിലെ മറ്റു രാജ്യങ്ങളിലും ശാഖകളുള്ള ജ്വല്ലറികൾ മറ്റിടങ്ങളിലേക്ക് പുനർനിയമനം നടത്തുമെന്നും റിപോർട്ടുണ്ട്. "ഈ നീക്കം സ്ഥാപനം തന്നെ നടത്തുമെന്നതിനാൽ തങ്ങളുടെ ജോലിക്കാർ തൊഴിൽരഹിതരാവില്ല" - ഒരു പ്രമുഖ ജ്വല്ലറി ശൃംഖലയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, തിളങ്ങുന്ന ലോകത്തെ സന്തുഷ്ട ജോലികളിൽ ആവേശഭരിതരാണ് സൗദി യുവാക്കൾ. 

തങ്ങൾക്ക് കൂടുതൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ട്ടിച്ചു തരുന്ന സർക്കാരിനെ വാഴ്ത്തുകയാണ് പുതിയ നടപടികളിലൂടെ തൊഴിൽ സിദ്ധിച്ച സ്വദേശി യുവാക്കൾ.വ്യാപാരികളാകട്ടെ, സമ്പൂർണ സൗദിവത്ക്കരണം ബിസിനസിനെ ദോഷകരമായി ബാധിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ്. സ്വദേശികൾ ഇടയ്ക്കു വെച്ച് തൊഴിൽ മതിയാക്കി പോകുന്നതും മറ്റും ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക  വ്യാപാരികൾ നേരത്തേ അധികൃതരെ ഓര്മപ്പെടുത്തിയിരുന്നു. തുടർ  പഠനം, സ്കോളർഷിപ്, മറ്റു മെച്ചപ്പെട്ട ജോലി തുടങ്ങിയവ മൂലം സ്വദേശികൾ ഒഴിഞ്ഞു പോകുമ്പോൾ ബിസിനസിലേൽക്കുന്ന പ്രതിസന്ധിയാണ് വ്യാപാരികളുടെ പ്രധാന ആശങ്ക. വേണ്ടുന്ന ഒരുക്കങ്ങൾ നടത്താൻ സാധിക്കുന്നതിനു മുമ്പായി സമ്പൂർണ സ്വദേശിവത്കരണം നിർബന്ധമാക്കുന്നത് മൂലം വിപണിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി സംബന്ധിച്ചു ജ്വല്ലറികളുടെ ദേശീയ കമ്മിറ്റി അധ്യക്ഷൻ കരീം അല്‍അനസി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. അഭ്യർത്ഥന, പക്ഷെ, മന്ത്രാലയം അംഗീകരിച്ചില്ല. ആദ്യ ദിവസം കടകൾ അടഞ്ഞുകിടന്നു; നിയമലംഘകർക്ക് 20,000 റിയാൽ പിഴ

വിദേശിക്ക് പകരം പ്രാപ്തരായ സ്വദേശിയെ ജോലിയ്ക്കു നിയമിക്കാൻ  സാധിക്കാതിരുന്ന കടകൾ സമ്പൂർണ സൗദിവത്കരണത്തിന്റെ ആദ്യ ദിവസം പ്രവർത്തിച്ചില്ല. നിയമം ലംഘിച്ചാലുള്ള വൻ പിഴ കാരണം വിദേശി തൊഴിലാളികൾ ജോലി സ്ഥലത്തേയ്ക്ക് അടുത്തതുമില്ല.  ജ്വല്ലറികളിൽ വിദേശികൾ ജോലി ചെയ്യുന്നതായി കണ്ടാൽ, ഒരു വിദേശിയ്ക്കു ഇരുപതിനായിരം റിയാൽ എന്ന തോതിലായിരിക്കും പിഴ. ഓരോ മാളിലും മാർക്കറ്റിലും സ്ഥിരം പരിശോധകൻ നിയമിച്ചു നിയമലംഘനം നിരീക്ഷിക്കാനും മന്ത്രാലയത്തിന് പരിപാടിയുണ്ട്. ഇക്കാര്യത്തിൽ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കുന്നതിന് ഇലക്ട്രോണിക് സംവിധാനവും  പ്രത്യേക ഫോൺ ലൈനും സംവിധാനിച്ചിട്ടുണ്ട്. സൗദിയിൽ ആറായിരം ജ്വല്ലറി ഷോപ്പുകളും, 25,000 ജോലി ജോലിക്കാരും ഉണ്ടെന്നാണ് ഏകദേശ കണക്ക്. എന്നാൽ, ജ്വല്ലറികളുടെ പണിശാലകളിൽ സൗദിവൽക്കരണം നിർബന്ധമല്ലെന്ന് വ്യാപാരികൾ പറയുന്നു. സൗദിയിലെ പ്രമുഖ ആഭരണ നിർമാതാക്കളായ ലാസുർദി, ത്വയ്യിബ, മുസല്ലി, മസാദ് തുടങ്ങിയവരുടെ പണിശാലകളിലെ വിദേശികൾ പഴയപടി ജോലി ചെയ്യുകയാണ്. ഇവിടങ്ങളിലെ ജോലിക്കാരിൽ വലിയ ശതമാനം ഉത്തരേന്ത്യക്കാരാണ്. ഫാക്ടറി, ഓഫീസ് എന്നിവകൾ ഉൾപ്പെടെ പതിനഞ്ചു ശാഖകളുള്ള മലബാർ ഗോൾഡ് സാധ്യമായ  സൗദി യുവാക്കളെ മുമ്പേ തന്നെ ജോലിയ്ക്കു നിയമിക്കുകയും അവർക്ക് പരിശീലനം നൽകിയിരുന്നുവെന്നും ഡിസംബർ രണ്ടിന് തന്നെ സൗദിവത്ക്കരണം പൂർണാർത്ഥത്തിൽ നടപ്പിലാക്കിയതായും ബന്ധപ്പെട്ടവർ പറഞ്ഞു. ജ്വല്ലറികളിലെ സമ്പൂർണ സ്വദേശിവത്കരണം ഏറ്റവും ആഘാതം ഏൽപ്പിക്കുക യമൻ പ്രവാസികൾക്കാണ്. 

സൗദിയിലെ ജ്വല്ലറി ഷോപ്പുകളിൽ എഴുപതു ശതമാനത്തിലേറെ ജോലിക്കാർ യമൻകാരാണ്.  ഇവരാകട്ടെ, ജോലിയിൽ പഴക്കമുള്ളവരും  താരതമ്യേന ഭേദപ്പെട്ട ശമ്പളങ്ങളിൽ ഉള്ളവരും  ആണ്. വലിയൊരു ശതമാനം കുടുംബസമേതം സൗദിയിൽ കഴിയുന്നവരുമാണ്. ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. സ്വദേശികൾ ജ്വല്ലറി തൊഴിലുകൾക്കു തല്പരരോ പ്രാപ്തരോ ആവാതിരുന്ന മുൻകാലത്ത് നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പത്തു വർഷങ്ങൾക്കു മുമ്പ് ജ്വല്ലറി സ്വദേശിവൽക്കരണം വിജയിക്കാതെ പോയത് അതുകൊണ്ടുകൂടിയായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതി ഏറെ മാറിയിട്ടുണ്ട്. ജോലി ചെയ്യാൻ തല്പരരായ സൗദി യുവാക്കൾ ജ്വല്ലറി രംഗത്തേക്ക് ആകര്ഷിക്കപ്പെടുന്നുണ്ട്. അത്തരക്കാരെ മുൻകൂട്ടി  നിയമിച്ചു പരിശീലനം കൊടുക്കുന്നതിൽ ജ്വല്ലറി ഉടമകൾ കാണിച്ച അലംഭാവമാണ്  ഇപ്പോൾ നിയമം കര്ഷണമാക്കുമ്പോൾ വ്യാപാരികൾ ഉണ്ടെന്നു പറയുന്ന പ്രതിസന്ധിയെന്ന് മാർക്കറ്റ് നിരീക്ഷകർ പറയുന്നു. പത്തു വർഷങ്ങഴൾക്കു മുമ്പ് തന്നെ സൗദി മന്ത്രിസഭാ ജ്വല്ലറികളെ സമ്പൂർണമായി സ്വദേശിവത്കരിക്കാൻ തീരുമാനിച്ചിരുന്നു. 

ഇപ്പോഴത്തെ തീരുമാനം കഴിഞ്ഞ ഒക്ടോബർ ആദ്യത്തിൽ തന്നെ ജ്വല്ലറി ഉടമകളെ അറിയിച്ചിരുന്നതായി തൊഴിൽ- സാമൂഹിക വികസന മന്ത്രാലയത്തിലെ ഔദ്യോഗിക വാക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. പ്രവിശ്യാതലത്തിലുള്ള പുതിയ തൊഴിൽ സംവരണ യത്നത്തിന്റെ ഭാഗമായാണ് ജ്വല്ലറികളിലെ സമ്പൂർണ സ്വദേശിവൽക്കരണം. ആഭ്യന്തര മന്ത്രാലയം, തൊഴിൽ - സാമൂഹ്യ വികസന മന്ത്രാലയം, പ്രവിശ്യാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്വദേശിവൽക്കരണ യത്നത്തിൽ നഗര - ഗ്രാമ കാര്യ മന്ത്രാലയം, വാണിജ്യ - നിക്ഷേപ മന്ത്രാലയം, പൊതുസുരക്ഷാ വിഭാഗം, പാസ്പോര്ട്ട് വിഭാഗം എന്നിവയുടെ കൂടി സഹകരണത്തോടെയാണ് പദവതി നടപ്പാക്കുന്നത്. സമ്പൂർണ സ്വദേശിവത്കരണം  കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സൗദി ഗവൺമെന്റ് നീക്കങ്ങൾ നടത്തുന്നത് വിദേശി തൊഴിലാളികളുടെ സ്ഥിതി കൂടതൽ  പരുങ്ങലിലാക്കും.മൊബൈൽ, ജ്വല്ലറി എന്നിവയ്ക്ക് പുറമെ കമ്പ്യൂട്ടർ തുടങ്ങിയ മേഖലകളിലും സമ്പൂർണ സ്വദേശിവത്കരണം ഏറെ വൈകാതെ നടപ്പിൽ വരുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ.

MORE IN GULF
SHOW MORE