അലി ഖലീഫയുടെ ക്യാമറ കണ്ട കടലിനടിയിലെ രഹസ്യങ്ങൾ

underwater-photo
SHARE

കടലിനടിയില്‍ എന്തൊക്കെയുണ്ട് എന്ന് അലി ഖലീഫ ബിന്‍ താലിത്തിനോട് ചോദിക്കരുത്. എന്ത് ഇല്ല എന്ന് ചോദിക്കൂ. വര്‍ഷങ്ങളായി തൻ്റെ വിലപിടിപ്പുള്ള ക്യാമറയുമായി കടലിനടിയിലെ രഹസ്യം തേടിയലയുന്ന ദുബായ് സ്വദേശിയായ അലി ഖലീഫയുടെ ശേഖരത്തിലുള്ളത് കടലിനടിയിലെ അപൂർവമായ ജീവികളുടെ ചിത്രങ്ങൾ. എക്സ്പോസെൻററിൽ നടക്കുന്ന ഷാർജ രാജ്യാന്തര ഫൊട്ടോഗ്രഫി ഉത്സവമായ എക്സ്പോഷർ 2017ൽ പ്രദർശിപ്പിച്ച ഇൗ അപൂർവ ചിത്രങ്ങൾ  കാണാൻ സന്ദർശകരുടെ തിരക്കാണ്. ഫൊട്ടോഗ്രഫറോട് വിശേഷങ്ങളറിയാനും സെൽഫിയെടുക്കാനും ആളുകൾ ഏറെ താത്പര്യം കാട്ടുന്നു.

ഇന്ത്യയിലടക്കം രാജ്യാന്തര തലത്തിൽ ഒട്ടേറെ ജലാന്തർ ഭാഗത്ത് അലി ഖലീഫയുടെ ക്യാമറ കടന്നുചെന്ന് അപൂർവജീവികളെ പകര്‍ത്തിയിട്ടുണ്ട്. ആൻഡമാൻ ദ്വീപിലായിരുന്നു കടലിനടിയിൽ ആനയെ പകർത്തിയത്. ഇത് തൻ്റെ ഫൊട്ടോഗ്രഫി ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളാണെന്ന് അലി ഖലീഫ മനോരമയോട് പറഞ്ഞു. വ്യത്യസ്ത തരം പവിഴപ്പുറ്റുകൾ, അറേബ്യൻ ചെറുമാൻ, പല്ലി, കരീബിയൻ റീഫ് സ്രാവ്, ഷെവ്റോൺ ശീലാവ് മത്സ്യം, വെസ്റ്റേൺ ക്ലൗഡ് മത്സ്യം, ഭീമൻ കൊഞ്ച്, റോബസ്റ്റ് ഗോസ്റ്റ് പൈപ്പ് മത്സ്യം, മത്സ്യത്തിന്റെ മുട്ടകൾ, നീരാളി, ഒാറഞ്ച് നിറത്തിലുള്ള ഭീമൻ തവളകൾ തുടങ്ങിയവയുടെ അലി ഖലീഫ പകർത്തിയ ചിത്രങ്ങൾ നമ്മെ വിസ്മയിപ്പിക്കും.

under-sea

കുട്ടിക്കാലത്ത് സഹോദരൻ വെള്ളത്തിൽ ഉൗളിയിട്ടപ്പോൾ പകർത്തിയ ചിത്രത്തിൻ്റെ പരിതാപകരമായ അവസ്ഥ കണ്ടാണ് ഇൗ മേഖലയിലേയ്ക്ക് കടക്കാൻ തനിക്ക് പ്രേരണയായത്. അത് പിന്നീട് ഒരു ലഹരി പോലെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.  ഇന്തൊനീഷ്യയിലെ രാജാ അംപാട് ദ്വീപ്, മലേഷ്യയിലെ സിപാടൻ എന്നീ സ്ഥലങ്ങളിലെ അനുഭവങ്ങളും മറക്കാനാകാത്തതാണെന്ന്  ഇദ്ദേഹം പറയുന്നു. വികസനം കടന്നുചെന്നിട്ടില്ലാത്ത ചില ദ്വീപുകളിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിച്ച് അലി ഖലീഫ തന്റെ സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. 

കൂടാതെ, ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യാന്തര ഫൊട്ടോഗ്രഫി അവാർഡിൻ്റെ ഭാരവാഹി എന്ന നിലയ്ക്ക് സിറിയൻ അഭയാർഥി കുട്ടികൾക്കായി എമിറേറ്റ്സ്–ജോർദാൻ അഭയാർഥി ക്യാംപിൽ ഫൊട്ടോഗ്രഫി ശിൽപശാലകളും സെമിനാറുകളും സംഘടിപ്പിച്ചു. തൻ്റെ ചിത്രങ്ങളുൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഫെയ്സസ് എന്ന പുസ്തകം ഫൊട്ടോഗ്രഫി വിദ്യാർഥികൾക്കും മറ്റും പ്രധാനപ്പെട്ടതാണ്. ഗാസാ ഡൈവർ  എന്ന ഡോക്യുമെൻ്ററി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫൊട്ടോഗ്രഫി മേഖലയിലെ സംഭാവനകൾ മാനിച്ച് 2014ൽ രാജ്യാന്തര ഫൊട്ടോഗ്രഫി കൗൺസിലിൻ്റെ പ്രഫഷനൽ ഫൊട്ടോഗ്രഫർ ലീഡർഷിപ്പ് അവാർഡും ലഭിക്കുകയുണ്ടായി. ഷാർജയിൽ ഇതു രണ്ടാം തവണയാണ് അലി ഖലീഫയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. തനിക്ക് ലഭിക്കുന്ന ആദരവാണ് ഇൗ അവസരമെന്ന് രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന അണ്ടർ വാട്ടർ മാക്രോ ഫൊട്ടോഗ്രഫർ ആയ അലി ബിൻ ഖലീഫ പറയുന്നു. 

MORE IN GULF
SHOW MORE