കുവൈത്തില്‍ ഇഖാമ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവർക്കുള്ള പിഴ ഇരട്ടിയാക്കുന്നു

kuwait-iqama-t
SHARE

കുവൈത്തില്‍ ഇഖാമ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർക്കുള്ള പിഴ ഇരട്ടിയാക്കുന്നു. അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഓരോ ദിവസത്തിനും നാലു ദിനാർ വീതം പിഴ ഈടാക്കാനാണ് നിർദേശം. ജനസംഖ്യാ അസന്തുലനം ഒഴിവാക്കുന്നതിനായുള്ള ഉന്നതാധികാര സമിതിയാണ് പിഴ സംഖ്യ കൂട്ടണമെന്ന നിർദേശം വച്ചത്. 

ഇഖാമ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവരിൽ നിന്ന് ദിവസമൊന്നിന് രണ്ടു ദിനാർ എന്ന തോതിലാണ് പിഴ ഈടാക്കുന്നത്. ഇത് ഇരട്ടിയാക്കണമെന്നാമ് പുതിയ നിർദേശം. ഇതിനു പുറമേ പരമാവധി പിഴ 1000 ദിനാർ ആക്കി വര്‍ധിപ്പിക്കണമെന്നും സമിതി നിർദേശിച്ചു. നിലവിൽ 600 ദിനാറാണ് പരമാവധി പിഴ. ഏജൻസികളുടെ സഹകരണത്തോടെ വിദേശത്തുനിന്നും ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള ഫീസ് കുറക്കണമെന്നും നിർദേശമുണ്ട്. ഒരു സ്പോൺസർക്കുള്ള ഗാർഹിക തൊഴില്‍ വീസകളുടെ എണ്ണം അഞ്ചില്‍നിന്ന് മൂന്നാക്കി കുറയ്ക്കാനും നീക്കമുണ്ട്. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കാൻ ശാസ്‌ത്രീയ നടപടികൾക്ക് മുന്‍തൂക്കം നല്‍കും. 

വിദേശികളെ കുറക്കുന്നതിന്‍റെ ഭാഗമായി നിശ്ചിത യോഗ്യതയുള്ളവർക്ക് മാത്രമേ തൊഴില്‍ വീസ നല്‍കാവൂ എന്നും നിര്‍ദേശിച്ചു. പ്രൊജക്ട് വീസയിൽ വരുന്നവർ പദ്ധതി തീരുന്നതോടെ രാജ്യം വിടേണ്ടിവരും. ഇവരെ മറ്റു വീസയിലേക്ക് മാറാന്‍ അനുവദിക്കില്ല. പിതാവിന്‍റെ വീസയിൽ മാത്രമേ കുട്ടികൾക്ക് വീസ അനുവദിക്കാവൂ എന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് ആവശ്യമില്ലാത്ത തൊഴിലാളികൾ അധികാരികൾ മുഖേനയോ എംബസികളുടെ സഹാ‍യത്തോടെയോ രാജ്യംവിട്ടുപോകുന്നത് പ്രോത്സാഹിപ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

MORE IN GULF
SHOW MORE