സൗദിയുടെ വടക്കു പടിഞ്ഞാറ് പ്രവിശ്യയിൽ ഭൂചലനം

earth-quake.jpg
SHARE

ജിദ്ദ: സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന  തബൂക് പ്രവിശ്യയിൽ ഭൂചലനം ഉണ്ടായതായി അധികൃതർ അറിയിച്ചു. തബൂക്കിലെ   അൽബദ പ്രദേശത്തു നിന്ന് 42 കിലോമീറ്റർ വടക്ക് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.1 ഡിഗ്രി  തീവ്രതയുള്ളതായിരുന്നെന്ന് സൗദി ജിയോളജിക്കൽ   സർവെ അധികൃതർ അറിയിച്ചു. ബുധനാഴ്ച കാലത്താണ് സംഭവം. ആറ് കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം.

ജോർദാൻ അതിർത്തിയോടു സമീപമുള്ള നഗരമാണ് ചരിത്രപ്രധാനമായ തബൂക്. കഴിഞ്ഞ വാരത്തിൽ സൗദിയിലെ തെക്കൻ പ്രവിശ്യയിൽ പെടുന്ന   അസീറിലെ വിവിധയിടങ്ങളിൽ പലവട്ടം നേരിയ തോതിലുള്ള ഭൂചലനങ്ങൾ സംഭവിച്ചിരുന്നു. അതിനിടെ ഇറാൻ - ഇറാഖ് അതിർത്തിയിൽ നൂറ് കണക്കിന്   പേരുടെ ജീവൻ അപഹരിച്ച ഭൂകമ്പം ഏറെ ആശങ്ക ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഗൾഫ്  മേഖലയിൽ ഇനിയും വലിയ ഭൂകമ്പങ്ങൾ   ഉണ്ടാവാനുള്ള സാധ്യതയും അത് സംബന്ധിച്ച ആശങ്കയും ഇവിടുത്തെ ചൂടുള്ള ചർച്ചയാണ്.  

ഇറാൻ, ഇറാഖ്, ഗൾഫ് മേഖലയിൽ വരും ദിവസങ്ങളിൽ വലിയ ഭൂകമ്പം സംഭവിക്കുമെന്ന സോഷ്യൽ മീഡിയകളിലൂടെയുള്ള പ്രചാരണം വസ്തുതകൾക്ക്   നിരക്കുന്നതല്ലെന്ന്‌ സൗദി ജിയോളജിക്കൽ സർവ്വേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബൽഖൈൽ പറഞ്ഞു. മേഖലയിൽ വരും ദിവസങ്ങളിൽ വൻ  ഭൂകമ്പം ഉണ്ടാകുമെന്ന വാർത്ത അസംബന്ധമാണ് . കാരണം, ഭൂകമ്പം സംഭവിക്കുന്നതിനു മുമ്പ് അതിനെപറ്റി പ്രവചനം നടത്താനാകില്ലെന്ന് അദ്ദേഹം  വിവരിച്ചു.

MORE IN GULF
SHOW MORE