ഫാസിസ്റ്റ് ശക്തികള്‍ എഴുത്തുകാരെ ഭയപ്പെടുന്നു: സാറാ ജോസഫ്

sarah-joseph
SHARE

ഫാസിസ്റ്റ് ശക്തികള്‍ എഴുത്തുകാരെയും അക്ഷരങ്ങളെയും ഭയക്കുന്ന അവസ്ഥ ഭീതികരമാം വിധം ശക്തമായിട്ടുണ്ടെന്നും എങ്കിലേ അവരുടെ ആശയങ്ങൾക്ക് ചിന്താ രഹിതമായ സമൂഹത്തെ സൃഷ്ടിച്ചു വേരോട്ടം നടത്താൻ കഴിയുകയുള്ളുവെന്നും സാഹിത്യകാരി സാറാ ജോസഫ്. ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ ആലാഹയുടെ പെൺമക്കളും അപരകാന്തിയും എന്ന പരിപാടിയില്‍ വായനക്കാരിയുമായി സംവദിക്കുകയായിരുന്നു അവർ. ഇന്ത്യയിലെ പുതിയ സാഹചര്യത്തിലെ അധിനിവേശ ചിന്തകൾക്കെതിരെ എഴുത്തുകാർ പ്രതികരിക്കുന്നുണ്ട്. സാഹിത്യ ലോകമാണ് ഏതു വിധത്തിലുള്ള അധിനിവേശ പ്രവണതകൾക്കെതിരെയും ആദ്യം ശബ്ദമുയർത്തുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

മികച്ച ജീവിതാന്തരീക്ഷം സൃഷ്ടിക്കലല്ല ഉന്നത സംസ്കാരം. സമൂഹത്തെ ശുദ്ധീകരിക്കുന്ന സാഹിത്യത്തെ പ്രോത്സാഹിപ്പിക്കണം. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾ സാഹിത്യത്തിൽ പ്രാവീണ്യം നേടണം. എങ്കിലേ അപരന്റെ വേദനയും ഇല്ലായ്മയും തൊട്ടറിയാനുള്ള മനസ് പുതു തലമുറക്കുണ്ടാകു. സാഹിത്യത്തെയും അക്ഷരങ്ങളെയും നെഞ്ചേറ്റുന്നതിന് ഒരു സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തക മേള സാഹിത്യ ഔന്നിത്യമാണ് പ്രകടമാക്കുന്നത്. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങളാണ് ഭരണാധികാരികൾ ഒരു ജനതയ്ക്ക്  ഒരുക്കാവുന്ന ഏറ്റവും വലിയ ഉന്നത സംസ്കൃതി. എവിടെയൊക്കെ തെറ്റായ ദിശയിലുള്ള സാഹിത്യം വളരുന്നുണ്ടോ അവിടെ ഫാസിസത്തിന് വളക്കൂറുള്ളിടമായി മാറും.  അതിനാൽ നാം ഓരോരുത്തരും ഫാസിസത്തെ വളരാൻ ഒരു തരത്തിൽ കൂട്ട് നിൽക്കുന്നു. എന്ത് വായിക്കണമെന്ന് ചിന്തിക്കേണ്ടത് നമ്മളാണ്. പക്ഷേ, നല്ലത് വായിക്കാനുള്ള തിരഞ്ഞെടുപ്പിൽ തന്നെ ഫാസിസത്തെ ചെറുക്കുവാനുള്ള കവാടങ്ങളാണ് നാം തുറക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. 

നാട്ടിൻ പുറത്തെ ഭാഷയാണ് എന്റെ എഴുത്തുകളെ സ്വാധീനിച്ചിട്ടുള്ളത്. എഴുത്തിൽ യഥാർഥ്യങ്ങൾ നില നിർത്താൻ പ്രാദേശിക ഭാഷാ ശൈലി തന്റെ എഴുത്തിൽ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. ഭാഷാ രീതികളിലെ വൈവിധ്യങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷത. അതിനാൽ എന്റെ ജന്മ നാടിന്റെ ഭാഷ എഴുത്തിൽ കൊണ്ട് വരാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.  ജീവിതത്തെ അടയാളപ്പെടുത്താൻ ഭാഷയാണ് പ്രധാനമായി ഉപയോഗിക്കുന്നത്. ഒരാളുടെ ജീവനെ കവർന്നെടുക്കാനും ഇല്ലായ്മ ചെയ്യാനും സാധിക്കും. പക്ഷേ, അവർ ഉയർത്തിവിടുന്ന ഭാഷയെ നശിപ്പിക്കാൻ കഴിയുകയില്ല എന്നത് തന്നെയാണ് ഭാഷകളുടെ സവിശേഷത. കലയും സാഹിത്യവും മലിനീകരിക്കപ്പെടുന്നതിടത്താണ് ഫാസിസം വളരുന്നതെന്ന് പരിപാടിയില്‍ സംബന്ധിച്ച സാറാ ജോസഫിന്റെ മകളും യുവ നോവലിസ്റ്റുമായ സംഗീത ശ്രീനിവാസൻ പറഞ്ഞു. വായനയാണ് എഴുത്തിലേയ്ക്ക് നയിച്ചത്. വായിക്കാതെ എഴുതാന്‍ സാധിച്ചേക്കാം പക്ഷേ, ആ അക്ഷരങ്ങള്‍ക്ക് ശക്തിയുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. മച്ചിങ്ങൽ രാധാ കൃഷ്ണൻ മോഡറേറ്ററായിരുന്നു. 

MORE IN GULF
SHOW MORE