അബുദാബി ലൂവ്റ് മ്യൂസിയം തുറന്നു

Thumb Image
SHARE

കലയുടെയും സംസ്കാരത്തിൻറെയും വിസ്മയങ്ങളുമായി അബുദാബി ലൂവ്റ് മ്യൂസിയം തുറന്നു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണും കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നാണ് മ്യൂസിയം തുറന്നത്. 

പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അബുദാബി ലൂവ്റ് മ്യൂസിയത്തിൻറെ വാതിലുകൾ കലാസ്വാദകർക്കായി തുറക്കപ്പെടുകയാണ്. ലോകോത്തര കലാകാരൻമാരുടെ വിഖ്യാത സൃഷ്ടികളും അമൂല്യമായ പുരാവസ്തുക്കളും ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. വിഖ്യാത ഫ്രഞ്ച് ശിൽപി ജീൻ നുവെൽ ആണ് മ്യൂസിയം രൂപകൽപന ചെയ്തത്. വലിയ കുടയുടെ ആകൃതിയിൽ ഒരുക്കിയിരിക്കുന്ന മേൽക്കുരയിലൂടെ താഴേക്കിറങ്ങുന്ന വെളിച്ചം മ്യൂസിയത്തിൻറെ ചുമരുകളിൽ മനോരഹര പ്രകാശവിന്യാസമൊരുക്കുന്നു.

പന്ത്രണ്ട് ഭാഗങ്ങളായാണ് ലൂവ്റ് അബുദാബിയിൽ കലാസൃഷ്ടികൾ ഒരുക്കിയിരിക്കുന്നത്. മാനവരാശിയുടെ വികാസത്തിൻറെ പന്ത്രണ്ട് കാലഘട്ടങ്ങളെയാണ് ഓരോ ഭാഗങ്ങളും പ്രതിനിധീകരിക്കുന്നത്. ലിയനാഡോ ഡാവിഞ്ചിയുടെ ലാ ബെല്ലാ ഫെറോനീയ, ബെല്ലിനിയുടെ മഡോണയും കുട്ടിയും തുടങ്ങിയ ലോകോത്തര കലാസൃഷ്ടികൾ ലൂവ്റ് അബുദാബിയുടെ പ്രൌഡി വർധിപ്പിക്കുന്നു. റാംസെസ് രണ്ടാമൻ ഫറവോയുടെ കൂറ്റൻ പ്രതിമയും, ഈജിപ്തിൽ നിന്നുള്ള മമ്മികളും, ശവപേടകങ്ങളും ഇവിടെയുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള നടരാജ വിഗ്രഹമാണ് ഇന്ത്യയുടെ പ്രാതിനിധ്യമായി അബുദാബി ലൂവ്റിലുള്ളത്. പാരീസിലെ ലൂവ്റ് മ്യൂസിയവുമായി സഹകരിച്ചാണ് അബുദാബി ലൂവ്റ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്

MORE IN GULF
SHOW MORE