ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ താരമായി ഇന്നസെന്റ്

innocent-sharja
SHARE

ഷാര്‍ജ : ജീവിതം തകര്‍ക്കെത്താനെത്തിയ മഹാ രോഗത്തെ ചിരിച്ചുകൊണ്ട് നേരിട്ട ചലച്ചിത്ര നടനും എംപിയുമായ ഇന്നസെന്‍റ്  ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ താരമായി. താന്‍ കടന്നുവന്ന വഴികള്‍ എന്നും നര്‍മത്തോടെ മാത്രം ഒാര്‍മിക്കാറുള്ള നടന്‍, കുടുംബം, മതം, ബിസിനസ്, സിനിമ, നിര്‍മാണം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ഹാസ്യം കലര്‍ത്തി അവതരിപ്പിച്ചപ്പോള്‍ ബാള്‍റൂമില്‍ നിറഞ്ഞുനിന്ന സദസ്സ് പൊട്ടിച്ചിരിച്ചു കൊണ്ട് അതേറ്റുവാങ്ങി.

ചിരിക്കു പിന്നില്‍ എന്നായിരുന്നു ഇന്നസെന്‍റ് പങ്കെടുത്ത പരിപാടിയുടെ പേര്. ചിരിച്ചും ചിരിപ്പിച്ചും മുന്നേറിയ പരിപാടിയില്‍ ഇടയ്ക്ക് അവതാരക രശ്മി രഞ്ചന്‍, നീന, പവിത്ര എന്നിവരുടെ ചോദ്യങ്ങളില്‍ ഗൗരവക്കാരനുമായി. മതത്തിന്‍റെ പേരില്‍ കേരളത്തെ ധ്രുവീകരിക്കാന്‍ ചില ബാഹ്യ ശക്തികള്‍ ശ്രമിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാള നാട്ടില്‍ അതൊരിക്കലും നടക്കുന്ന കാര്യമല്ലെന്ന് ഇന്നസെന്‍റ് പറഞ്ഞു. 

ഒരു വ്യക്തിക്ക് കുറച്ചു പേരെ കുറച്ച് സമയത്തേയ്ക്ക് തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍,  മലയാളികള്‍ എല്ലാവരെയും ഏറെ കാലം ഇത്തരത്തില്‍ പറ്റിക്കാന്‍ സാധിക്കില്ല. നടന്‍ കമലഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. തമിഴ് സിനിമയില്‍ കാണുന്ന തരം ഗിമ്മിക്കുകളൊന്നും മലയാള സിനിമയില്‍ നടക്കില്ല എന്നതു പോലെ, കേരളത്തില്‍ ഒരു സിനിമാ നടന്‍ ജനങ്ങളോട് എന്തെങ്കിലും കാര്യം പറഞ്ഞാല്‍ അത് ഞങ്ങള്‍ നോക്കിക്കോളാം എന്നായിരിക്കും മിക്കവരും മറുപടി പറയുക. സിനിമാ നടന്‍, എഴുത്തുകാരന്‍ പിന്നെ, നര്‍മഭാഷകന്‍ എന്നിവയുടെ ബലത്തിലാണ് താന്‍ എംപി  സ്ഥാനത്തേയ്ക്ക് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

MORE IN GULF
SHOW MORE