ഉദ്ഘാടനത്തിന് ഒരുങ്ങി ദുബായ് ഫ്രെയിമും സഫാരി പാര്‍ക്കും

Thumb Image
SHARE

ലോകത്തിന് കാഴ്ചയുടെ പുതുവസന്തം‍ സമ്മാനിക്കുന്ന ദുബായ് ഫ്രെയിമും സഫാരി പാര്‍ക്കും വൈകാതെ തുറക്കും. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ രണ്ടിനായിരിക്കും ഔപചാരിക ഉദ്ഘാടനം. 

സ്വപ്ന നഗരിയുടെ ഭാവിയിലേക്കും ഭൂതകാലത്തിലേക്കും കണ്ണോടിക്കുന്ന ദുബായ് ഫ്രെയിം സന്ദര്‍ശകരിലേക്ക് കൂടുതല്‍ അടുക്കുകയാണ്. 360 ഡിഗ്രി ദൃശ്യാനുഭവത്തില്‍ വിസ്മയ കാഴ്ചകള്‍ കാണാന്‍ മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹമും കുട്ടികള്‍ക്ക് 30 ദിര്‍ഹമുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. ഓണ്‍ലൈന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയായിരിക്കും ടിക്കറ്റ് വില്‍പന. ദുബായ് നിവാസികള്‍ക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. 

സഫാരി പാര്‍ക്കിന്‍റെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഏതാണ്ട് ഇതേ നിരക്കാവാനാണ് സാധ്യത. മൃഗങ്ങളുടെ പേരിലുള്ള കളിയിലൂടെ അവയെക്കുറിച്ചുള്ള വിജ്ഞാനത്തിലേക്ക് ശ്രദ്ധയാകര്‍ക്കുന്ന റൈഡുകളാണ് സഫാരി പാര്‍ക്കില്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. നൂറു കോടി ദിര്‍ഹം ചെലവില്‍ നിര്‍മിച്ച സഫാരി പാര്‍ക്കില്‍ 5000 മൃഗങ്ങളെ അടുത്തറിയാം.119 ഹെക്ടറില്‍ അല്‍ വര്‍ഖ അഞ്ചിലാണ് സഫാരി പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. 

MORE IN GULF
SHOW MORE